ഐ.എസ്.എല്‍ നാലാം സീസണിലെ ആദ്യ വിജയം എഫ്.സി ഗോവയ്ക്ക്
ചെന്നൈ: ഗോവയ്ക്ക് നന്ദി. ഗോളില്ലാതെ വിരസമായിപ്പോയ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം മൂന്നാം പോരാട്ടത്തിന്റെ ആദ്യ 45 മിനുട്ടിനുള്ളില്‍ മൂന്ന് ഗോളുകള്‍ വലയിലാക്കി നിറക്കാഴ്ചയൊരുക്കിയതിന്. ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന ആദ്യ പോരാട്ടത്തില്‍ എഫ്.സി ഗോവ എവേ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ അവരുടെ തട്ടകത്തില്‍ കയറി 3-2ന് കീഴടക്കി ഐ.എസ്.എല്‍ നാലാം അധ്യായത്തിലെ ആദ്യ വിജയം സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങള്‍ ഗോളില്ലാ കളികളായപ്പോള്‍ മൂന്നാം പോരാട്ടം അഞ്ച് ഗോളുകളാല്‍ നിറവാര്‍ന്നു. അഞ്ചില്‍ മൂന്ന് ഗോളുകളും സ്പാനിഷ് താരങ്ങളാണ് വലയിലാക്കിയതെന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു. ഗോവയ്ക്കായി ഫെറാന്‍ കൊറൊമിനസ് (25ാം മിനുട്ട്), മാനുവല്‍ ബ്രുണോ (29ാം മിനുട്ട്), മന്ദര്‍ റാവു ദേശായ് (38ാം മിനുട്ട്) എന്നിവര്‍ വല ചലിപ്പിച്ചു. ചെന്നൈയിന്റെ ആശ്വാസ ഗോളുകള്‍ ഇനിഗോ കല്‍ഡെറോണ്‍ (70ാം മിനുട്ട്), റാഫേല്‍ അഗുസ്‌തോ (84ാം മിനുട്ട്- പെനാല്‍റ്റി) എന്നിവര്‍ നേടി.
മത്സരത്തിന്റെ ആദ്യ പകുതി ഗോവന്‍ താരങ്ങള്‍ കൈയടക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ തിരിച്ചുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്ന കാഴ്ചയായിരുന്നു. പക്ഷേ അവര്‍ക്ക് രണ്ട് ഗോളുകള്‍ മടക്കാന്‍ സാധിച്ചെങ്കിലും ഗോവന്‍ വിജയം തടയാന്‍ കഴിഞ്ഞില്ല. ജയത്തോടെ ഗോവ മൂന്ന് പോയിന്റുകള്‍ നേടി.
25ാം മിനുട്ടില്‍ ഗോവ അക്കൗണ്ട് തുറന്നു. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ഫെറാന്‍ കൊറൊമിനസ് നാലാം സീസണിലെ ആദ്യ ഗോള്‍ സ്വന്തം പേരിലെഴുതി ചേര്‍ത്തു. ചെന്നൈയിന്റെ പ്രതിരോധ കോട്ടയിലെ വിള്ളല്‍ മുതലാക്കിയായിരുന്നു ഈ ഗോളിന്റെ പിറവി. ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും ചെന്നൈയിന്‍ നിരയ്ക്ക് അങ്കലാപ്പ് സമ്മാനിച്ച് നാല് മിനുട്ട് പിന്നിട്ടപ്പോള്‍ ഗോവയുടെ രണ്ടാം ഗോള്‍. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ഗോള്‍ ശ്രമം ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ കരന്‍ജിത് സിങ് വിഫലമാക്കി. താരത്തിന്റെ കാലില്‍ തട്ടി മടങ്ങിയ പന്ത് നേരെ ലഭിച്ചത് ബോക്‌സില്‍ നിന്ന മാനുവല്‍ ബ്രുണോയ്ക്ക്. സ്പാനിഷ് താരത്തിന് പിഴച്ചില്ല. ഗോവ രണ്ടാം ഗോളും വലയിലാക്കി. ആദ്യ രണ്ട് ഗോളുകളും നേടിയത് ഗോവന്‍ നിരയിലെ സ്പാനിഷ് താരങ്ങളാണെങ്കില്‍ ഗോവയുടെ മൂന്നാം ഗോള്‍ വലയിലിടാന്‍ യോഗം ഇന്ത്യന്‍ താരത്തിനായി. യുവ താരം മന്ദര്‍ റാവു ദേശായ് 38ാം മിനുട്ടില്‍ അവരുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. രണ്ടാം ഗോള്‍ നേടിയ മാനുവല്‍ ബ്രുണോയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഗോവ 3-0ത്തിന് മുന്നില്‍.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനുട്ട് പിന്നിട്ടപ്പോള്‍ ചെന്നൈയിന്‍ താളം വീണ്ടെടുക്കുന്ന കാഴ്ച. 70ാം മിനുട്ടില്‍ ഗോവന്‍ ബോക്‌സിന് തൊട്ടുപുറത്ത് വച്ച് ചെന്നൈയിന് അനുകൂലമായി ഫ്രീ കിക്ക്. അഞ്ച് പേര്‍ നിരന്ന ഗോവന്‍ മതില്‍ മറികടന്ന് ഇനിഗോ കാല്‍ഡറോണ്‍ തൊടുത്ത ഷോട്ട് വലയിലേക്ക് കയറി. പന്ത് തടുക്കാനുള്ള ഗോവ ഗോള്‍ കീപ്പര്‍ കട്ടിമണിയുടെ പിഴച്ച ശ്രമം ചെന്നൈയിന് തുണയാകുകയും ചെയ്തു. പിന്നീടും ചെന്നൈയിന്റെ ഗോളടിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും നിരാശയായിരുന്നു. 84ാം മിനുട്ടില്‍ ചെന്നൈയിന്‍ താരം ജെജെ ലാല്‍പെഖുലയെ ഗോള്‍ കീപ്പര്‍ കട്ടിമണി ബോക്‌സില്‍ വീഴ്ത്തിയതിന് ചെന്നൈയിന് അനുകൂലമായി പെനാല്‍റ്റി കിക്ക്. കിക്കെടുത്ത റാഫേല്‍ അഗുസ്‌തോയ്ക്ക് പിഴച്ചില്ല. സ്‌കോര്‍ 3-2. അവസാന നിമിഷങ്ങളില്‍ മൂന്നാം ഗോള്‍ നേടി മത്സരം സമനിലയിലാക്കാനുള്ള ചെന്നൈയിന്‍ ശ്രമങ്ങളെല്ലാം വിഫലമായതോടെ ഗോവ ആദ്യ വിജയം കുറിച്ച് മൈതാനം വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."