മുഗാബെയെ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് പുറത്താക്കി
ഹരാരെ: സിംബാബ്‌വെ ഭരണകക്ഷിയായ സാനു-പി.എഫ് പാര്‍ട്ടി പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നു നീക്കി. പകരം സിംബാബ്‌വെ മുന്‍ വൈസ് പ്രസിഡന്റ് എമ്മേഴ്‌സന്‍ നാങാഗ്വയെ പാര്‍ട്ടി നേതാവായും പ്രഖ്യാപിച്ചു. പ്രഥമ വനിതയും മുഗാബെയുടെ ഭാര്യയുമായ ഗ്രെയ്‌സ് മുഗാബെയെ പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനങ്ങളില്‍നിന്നും നീക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ട്ടി യോഗം ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് മുഗാബെയെ സ്ഥാനത്തുനിന്നു നീക്കി പകരക്കാരനെ തെരഞ്ഞെടുത്തത്. ആഭ്യന്തര മന്ത്രി ഒബേര്‍ട്ട് പോഫു അധ്യക്ഷനായ സാനു-പി.എഫ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഗ്രെയ്‌സ് മുഗാബെയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. മുഗാബെയുടെ മറവില്‍ ഗ്രെയ്‌സ് അധികാര ദുര്‍വിനിയോഗത്തിനു ശ്രമിച്ചതായി ആരോപണമുയര്‍ന്നു. മുഗാബെയെ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നു നീക്കിയ പ്രഖ്യാപനം വന്‍ ഹര്‍ഷാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. തീരുമാനം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, മുഗാബെ ഇന്ന് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. മുഗാബെയുമായി കൂടിക്കാഴ്ച നടത്തി രാജ്യത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ സന്നിഗ്ധാവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്ന് കഴിഞ്ഞ ദിവസം സൈനിക മേധാവി കോണ്‍സ്റ്റാന്റിനോ ചിവേങ്ക പറഞ്ഞിരുന്നു. ഇരു മുഗാബെമാര്‍ക്കുമെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ പ്രകടനങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്.
മുന്‍ വൈസ് പ്രസിഡന്റ് എമ്മേഴ്‌സന്‍ നാങാഗ്വയെ മുഗാബെ സ്ഥാനത്തുനിന്നു നീക്കിയതോടെയാണു പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സിംബാബ്‌വെയില്‍ തുടക്കമായത്.
പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഭരണത്തില്‍ ഭാര്യ ഗ്രെയ്‌സിനു കൂടുതല്‍ അധികാരം പതിച്ചുനല്‍കാന്‍ മുഗാബെ നടത്തിയ ശ്രമങ്ങള്‍ക്കെതിരേ പ്രതികരിച്ചതാണ് എമ്മേഴ്‌സന്റെ സ്ഥാനചലനത്തിനിടയാക്കിയത്. എമ്മേഴ്‌സന്റെ അടുത്ത വിശ്വസ്തനായ ചിവേങ്കയുടെ നേതൃത്വത്തിലുള്ള സൈന്യം കഴിഞ്ഞ ബുധനാഴ്ച പകലാണ് 93കാരനായ റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയത്. രാജ്യതലസ്ഥാനമായ ഹരാരെയിലെ എല്ലാ ഭരണകൂട സ്ഥാപനങ്ങളും സൈന്യം പിടിച്ചടക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."