കെ.എസ്.ആര്‍.ടി.സിയില്‍ മെല്ലെപ്പോക്ക് സമരം; മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധം. മുന്നറിയിപ്പില്ലാതെ കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ നടത്തിയ മെല്ലെപ്പോക്ക് സമരം മൂലം ദീര്‍ഘദൂര സര്‍വീസുകള്‍ പലതും മുടങ്ങി. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരേയാണ് യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ജീവനക്കാര്‍ സമരം ആരംഭിച്ചത്. ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നതുകാരണം യാത്ര കെ.എസ്.ആര്‍.ടി.സി ബസുകളിലേക്ക് മാറ്റിയ യാത്രക്കാരും ഉദ്യോഗസ്ഥരും ഇതോടെ കൂടുതല്‍ കഷ്ടത്തിലായി.
മെല്ലെപ്പോക്ക് സമരം കാരണം തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍നിന്നുള്ള സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകിയാണ് ആരംഭിച്ചത്. പുലര്‍ച്ചെ നാലിന് പുറപ്പെടേണ്ട തിരുവനന്തപുരം-കോയമ്പത്തൂര്‍ സ്‌കാനിയ സര്‍വീസ്, തിരുവനന്തപുരം-പാലക്കാട് വോള്‍വോ സര്‍വീസുകള്‍ മുടങ്ങുകയും ചെയ്തു. എ.സി ബസില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവരെ പിന്നീട് സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലാണ് കയറ്റി വിട്ടത്. ഇതേതുടര്‍ന്ന് ഷെഡ്യൂളുകള്‍ കുറച്ച് സര്‍വീസ് സംവിധാനം ക്രമപ്പെടുത്താനാണ് അധികൃതര്‍ ശ്രമിച്ചത്. പ്രധാനമായും ഡ്രൈവര്‍മാരുടെ കുറവാണ് സര്‍വീസുകളെ ബാധിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരേ മാനേജ്‌മെന്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.
അതിനിടെ കെ.എസ്.ആര്‍.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥരേയും യൂണിയന്‍ നേതാക്കളെയും ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിയെ കടക്കെണിയില്‍നിന്നും കരകയറ്റുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തില്‍ നിസഹകരണ സമരം നടത്തി വീണ്ടും പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിലുള്ള അതൃപ്തി ഗതാഗത വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നേതാക്കളേയും ഉന്നത ഉദ്യോഗസ്ഥരേയും ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ അറിയിച്ചേക്കും. രാവിലെ പത്ത് മണിക്കാണ് ചര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."