ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ക്ക് വിസ നടപടിക്രമങ്ങള്‍
ദോഹ: ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ ഒപ്പുവെക്കലും മെഡിക്കല്‍ പരിശോധനയും കണ്ണും വിരലടയാളവും ഉള്‍പ്പെടെയുള്ള ബയോമെട്രിക്ക് പരിശോധനകളും സ്വന്തം രാജ്യത്തു തന്നെ നിര്‍വഹിക്കാനാവും. നാല് മാസത്തിനകം ഈ പദ്ധതി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ കൊച്ചി ഉള്‍പ്പെടെ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധനാ കേന്ദ്രം ആരംഭിക്കുക. കൊച്ചിക്കു പുറമേ മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് മറ്റു സെന്ററുകള്‍ ആരംഭിക്കുക. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, തുണീഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട കരാര്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയായ ബയോമെറ്റുമായി ആഭ്യന്തര മന്ത്രാലയം ഒപ്പുവച്ചു.
പ്രവാസികളുടെ ജോലിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കാവുന്ന വിധത്തിലാണ് പുതിയ സജ്ജീകരണം ഏര്‍പ്പെടുത്തുന്നത്. സ്വന്തം രാജ്യത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ പിന്നീട് ഖത്തറിലെത്തിയാല്‍ ചെയ്യേണ്ടതില്ല. പൂര്‍ത്തിയായ നടപടി ക്രമങ്ങളുടെ രേഖകള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നിര്‍വഹിക്കും.
ആദ്യഘട്ടമായി ശ്രീലങ്കയിലാണ് പദ്ധതി നടപ്പിലാക്കുക. തുടര്‍ന്നാണ് മറ്റ് ഏഴ് രാജ്യങ്ങളിലും പദ്ധതി ആരംഭിക്കുക. ഖത്തറില്‍ ജോലി ചെയ്യുന്നവരില്‍ 80 ശതമാനവും ഈ എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവരായതിനാലാണ് ഇവ തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയിലെ ഏഴ് സെന്ററുകള്‍ക്ക് പുറമെ പാക്കിസ്ഥാനില്‍ ഇസ്‌ലാമാബാദ്, കറാച്ചി, ലാഹോര്‍, പെഷാവാര്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. ബംഗ്ലാദേശില്‍ ധാക്ക, സില്‍ഹെറ്റ്, ചിറ്റഗോംഗ് എന്നിവിടങ്ങളിലും ഇന്തോനേഷ്യയില്‍ ജക്കാര്‍ത്ത, സെമാരംഗ്, ബാന്റംഗ്, ശ്രീലങ്കയില്‍ കൊളംബോ, നേപ്പാളില്‍ കാഠ്മണ്ഠു, ഫിലിപ്പൈന്‍സില്‍ മനില, സിബു, തുണീഷ്യയില്‍ തുണിസ് എന്നിവിടങ്ങളിലാണ് മറ്റ് സെന്ററുകള്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് എട്ട് രാജ്യങ്ങളിലും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."