ഗുജറാത്ത് സ്ഥാനാര്‍ഥി പട്ടിക: കോണ്‍ഗ്രസും പാട്ടീദാര്‍ പ്രവര്‍ത്തകരും തമ്മില്‍ തല്ല്
അഹമദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തെത്തിയതിനു പിന്നാലെ ഗുജറാത്തില്‍ കോണ്‍ഗ്രസും പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി (പി.എ.എ.എസ് ) പ്രവര്‍ത്തകരും തമ്മില്‍ തല്ല്. പി.എ.എ.എസിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. സംഘര്‍ഷത്തിന്റെ സൂറത്തില്‍നിന്നുള്ള വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു.
അഞ്ച് സീറ്റുകളാണ് ആദ്യഘട്ടത്തില്‍ പി.എ.എ.എസിന് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിരുന്നത്. എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് പി എ എ എസിന് ലഭിച്ചത്. ലളിത് വസോയ, അമിത് തുമ്മാര്‍ എന്നിവര്‍ക്കാണ് പി എ എ എസില്‍നിന്ന് സീറ്റ് ലഭിച്ചത്. യഥാക്രമം ധോരാജി, ജുനഗഢ് എന്നീ മണ്ഡലങ്ങളില്‍നിന്നാണ് ഇവര്‍ മത്സരിക്കുന്നത്.
പി എ എ എസ് കോര്‍ കമ്മറ്റിയുമായി ചര്‍ച്ച ചെയ്തതിനു ശേഷമല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതെന്ന് പി എ എ എസ് കോ കണ്‍വീനര്‍ ദിനേഷ് ബംഭാനിയ ആരോപിച്ചു. ഞായറാഴ്ച രാത്രിയാണ് 77 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ട ആദ്യപട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയത്.
രണ്ടുഘട്ടങ്ങളായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഡിസംബര്‍ എട്ടിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."