മഷ്‌റൂം മാജിക്കില്‍ സാധ്യതകള്‍ തെളിയുന്നു
മഴക്കാലങ്ങളില്‍ പറമ്പുകളിലും ഉണങ്ങിയ മരങ്ങളിലും മറ്റും സാധാരണയായി കണ്ടു വരുന്ന ഒരു തരം ഫംഗസാണ് കൂണ്‍. ഇവയ്ക്ക് സസ്യങ്ങളോട് സാമ്യം തോന്നുമെങ്കിലും ഹരിതകത്തിന്റെ അഭാവം കൂണിനെ സസ്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു. ഹരിതകമില്ലാത്തതിനാല്‍ സ്വന്തമായ് ആഹാരം ഉണ്ടാക്കുവാന്‍ സാധ്യമല്ല, ജീര്‍ണിച്ച ജൈവ പ്രതലങ്ങളില്‍ നിന്നും ആഹാരം വലിച്ചെടുത്താണിവ വളരുന്നത്. കൂണുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കുറവാണ്.
മനുഷ്യരാശിക്ക് ഏറ്റവും അനുഗ്രഹീതമായിട്ടുള്ള പെനിസിലിന്‍ സമ്മാനിച്ച കുമിള്‍ വംശത്തില്‍പെട്ട ഒരു സസ്യമാണ് കൂണ്‍. മനുഷ്യര്‍ പുരാതന കാലം മുതലേ കൂണ്‍ ആഹാരമെന്ന നിലയില്‍ ഉപയോഗിച്ച് വരുന്നുണ്ട്. പ്രതിരോധ ശേഷി കൂടുതലായുള്ള കൂണിന് പോഷകമൂല്യവും ധാരാളമാണ്. ക്യാന്‍സര്‍, ട്യൂമര്‍, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, നാഡീക്ഷീണം, സന്ധിവീക്കം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്. ഭക്ഷ്യയോഗ്യമായവ, വിഷമുള്ളവ, ഔഷധഗുണമുള്ളവ തുടങ്ങിയ വ്യത്യസ്ത ഗുണങ്ങള്‍ ഉള്ളവയാണിവ. വിഷക്കൂണുകളെ ഭക്ഷ്യയോഗ്യമായവയില്‍ നിന്നും തിരിച്ചറിയാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വിരളമാണ്. ഇവ ജീവഹാനിവരെ വരുത്തുന്നതുമാണ്. പരിചയം കൊണ്ടുമാത്രമേ ഇവയെ തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ. ഭക്ഷ്യയോഗ്യമായ ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ ഇവ നമുക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കാവുന്നവയാണ്. ഗ്യനോഡര്‍മ, ഫെല്ലിനസ്, കോറിയോലസ് മുതലായവയാണ് ഔഷധഗുണമുള്ള കുമിളുകള്‍. ഇന്ത്യയില്‍ താരതമ്യേന വളരെ അടുത്ത കാലത്താണ് ഭക്ഷ്യയോഗ്യമായ കൂണിന്റെ കൃഷി ആരംഭിക്കുന്നത്. ഹിമാചല്‍ പ്രദേശിലാണ് ഇതിനായുള്ള ആദ്യശ്രമം നടത്തിയത്. ഇപ്പോള്‍ ജമ്മു കാശ്മീരിലും, കേരളത്തില്‍ ചെറുകിട വ്യവസായമെന്ന നിലയിലും കൂണ്‍കൃഷി നടത്തി വരുന്നുണ്ട്. മികച്ച ആദായം പ്രതീക്ഷിച്ച് തന്നെ കൃഷി ചെയ്യാവുന്ന ഒന്നായി മാറിയിരിക്കുയാണ് കൂണ്‍.
കൂണ്‍ കൃഷിയില്‍ അറിയേണ്ടത്.........
കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായി കൃഷി ചെയ്‌തെടുക്കാവുന്ന രണ്ട്തരം കൂണുകളാണ് ചിപ്പിക്കൂണും, പാല്‍ക്കൂണും. തൂവെള്ള നിറത്തിലാണ് ഈ കൂണുകള്‍ വളര്‍ന്നുവരിക. സാഹചര്യം അനുകൂലമാണെങ്കില്‍ 6 ദിവസം കൊണ്ട് കൂണ്‍ വിത്തുകള്‍ വളരും. കൂണ്‍ വിത്തുകള്‍ വളര്‍ന്നു വരുമ്പോഴുണ്ടാകുന്ന നിറ വ്യതിയാനം ദോഷകരമാണ്. തൂവെള്ളയുടെ സ്ഥാനത്ത് ചിലപ്പോള്‍ പച്ചയോ, കറുപ്പോ നിറമായേക്കാം. ബാക്ടീരിയയുടെ സാന്നിധ്യമാണ് കൂണില്‍ കറുപ്പ് നിറം കാണുന്നത്. വിത്തിന്റെ പ്രതിരോധ ശേഷി ഇല്ലായ്മയാണ് പച്ചനിറത്തിന് കാരണം. പച്ചനിറം ഗുരുതരവുമാണ്. 18-20 ദിവസങ്ങള്‍ കൊണ്ട് മുളച്ച കൂണുകള്‍ ദ്വാരങ്ങള്‍ വഴി പുറത്ത് വരും. ഇങ്ങനെ പുറത്ത് വരുന്ന കൂണ്‍ മുകുളങ്ങള്‍ മൂന്ന് ദിവസത്തിനകം വിളവെടുക്കണം.
കൂണ്‍ പൂര്‍ണമായും വിരിയാന്‍ കാത്തുനില്‍ക്കരുതെന്ന് സാരം. ഇനി വിളവെടുത്താലോ.... 12 മുതല്‍ 15 മണിക്കൂറിനുള്ളില്‍ പാചകം ചെയ്തിരിക്കണം. കൂണ്‍ പഴകിയാല്‍ പിന്നെ ഭക്ഷ്യയോഗ്യമല്ല. ഒരു ബെഡില്‍ നിന്നും 750 ഗ്രാം മുതല്‍ ഒരു കിലോ വരെ വിളവ് ലഭിക്കും. 4 തവണ ഒരു ബെഡില്‍ വിളവെടുക്കാം. കൂണ്‍ കൃഷിയിലെ പ്രധാന ഘടകം ശുചിത്വമാണ്. വൈക്കോല്‍ പുഴുങ്ങി ഉണക്കിയാണ് കൂണ്‍ കൃഷിക്കായി പോളിത്തീന്‍ കവറുകളില്‍ നിറക്കാറുള്ളത്. അണുനശീകരണം നടത്തിയ പ്ലാസ്റ്റിക് കവറുകളില്‍ വേണം വൈക്കോല്‍ ഉണക്കാന്‍. വൃത്തിയും ശുചിത്വവുമുള്ള സാഹചര്യത്തില്‍ മാത്രമേ കൂണ്‍ കൃഷി വിജയിക്കൂ.
ഭീഷണിയായി രോഗങ്ങള്‍, നിയന്ത്രണം........
പച്ചക്കുമിള്‍ രോഗം
എല്ലാ ഇനം കൂണ്‍ വിളകളിലും വിത്തിലും കാണപ്പെടുന്ന ഒന്നാണിത്. ട്രൈക്കോഡര്‍മ എന്ന കുമിളാണ് രോഗഹേതു. വിത്തിലോ വിത്തുപാകിയതിനു ശേഷമുള്ള ആവരണമണ്ണിലോ പച്ച നിറത്തിലുള്ള വലിയ പാടുകള്‍ കാണപ്പെടുന്നു. ഇത് കൂണ്‍ വിത്തുകളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. ഇവയ്ക്കു പുറമെ കൂണുകളോട് മത്സരിച്ചു വളരുന്ന ഇതര കുമിളുകളായ അസ്പര്‍ജില്ലസ്, പെന്‍സിലിയം മുതലായവ പച്ച പൂപ്പല്‍ ഉണ്ടാക്കുകയും ഇവയുല്‍പാദിപ്പിക്കുന്ന വിഷ വസ്തുക്കള്‍ കൂണിന്റെ ഉല്‍പാദനത്തെ തടയുകയും ചെയ്യുന്നു.
പുള്ളിപ്പാട് രോഗം
സ്യുഡോമോണാസ് തുലാസി എന്നയിനം ബാക്ടീരിയയാണ് രോഗഹേതു. ഇവ കൂണ്‍ മൊട്ടുകളെ ബാധിക്കുകയും തല്‍ഫലമായി മഞ്ഞനിറം കലര്‍ന്ന തവിട്ടു നിറത്തോടുകൂടിയ പാടുകള്‍ കൂണിന്റെ കുടഭാഗത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
കളകളായി വളരുന്ന കൂണുകള്‍
പ്രധാനമായും കോപ്രിനസ് ഇനത്തില്‍പ്പെട്ട കൂണുകളാണ് വൈക്കോലിലും കമ്പോസ്റ്റിലുമൊക്കെ വളര്‍ന്നു വരുന്നത്. വെളുത്ത വേരു പോലെ ഇവ കവറിനകത്ത് വളരുന്നതു കാണം. ഇവയുടെ മൊട്ടിന് നീളം കൂടുതലും ചെതുമ്പലുകള്‍ ഉള്ളതായും കാണപ്പെടുന്നു. അവ വേഗത്തില്‍ വിരിഞ്ഞ് അഴുകി കറുത്ത മഷിപോലെയായിത്തീരുന്നു. ഇതുകൊണ്ട് തന്നെ ഇവയെ പലപ്പോഴും മഷികൂണുകള്‍ എന്നും പറയും.
സ്ലൈം മൗള്‍ഡ് രോഗം
സ്ലൈംമൗള്‍ഡ് വിഭാഗത്തില്‍പ്പെട്ട സറ്റിമൊനൈറ്റിസ് സ്പീഷീസ് ആണ് രോഗഹേതു. രോഗബാധയേറ്റ ഭാഗം ചാര നിറത്തില്‍ കാണപ്പെടുന്നു. ക്രമേണ കൂണ്‍ തടത്തില്‍ മുഴുവനായും പടര്‍ന്നു പിടിക്കുന്നു.
ഈ രോഗങ്ങള്‍ക്ക് പുറമെ ഫേഌറിഡ് ഈച്ചകള്‍, സിയാരിഡ് ഈച്ചകള്‍, സെസിഡുകള്‍, നിമാവിരകള്‍, ഒച്ച്, പാറ്റ, ആസിഡ് ഫ്‌ളൈ തുടങ്ങിയ കീടങ്ങളുടെ ശല്യവും കൂണ്‍ കൃഷിക്ക് ഭീഷണിയാകാറുണ്ട്.
കൂണ്‍വളര്‍ത്തുന്നിടവും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നതാണ് രോഗ നിയന്ത്രണത്തിന്റെ ആദ്യപടി. വൈക്കോലിന്റെ അണുനശീകരണത്തിനായി രാസമാര്‍ഗം അവലംബിക്കുന്നത് പുഴുങ്ങിയുള്ള അണുനശീകരണത്തേക്കാള്‍ രോഗ ബാധയെ അകറ്റി നിര്‍ത്താന്‍ സഹായകരമാണ്. രോഗ ബാധയേറ്റ ഭാഗത്ത് കാര്‍ബന്‍ഡാസിം കുമിള്‍ നാശിനി തളിച്ച്‌കൊടുക്കുന്നതും ഉത്തമമാണ്.
പ്രായം തടയും കൂണ്‍.........
ചെറുപ്പം കാത്തുസൂക്ഷിക്കുക എന്നത് ഏവര്‍ക്കും ഇഷ്ടമുള്ള ഒരു കാര്യമാണ്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് പ്രായത്തെ തോല്‍പ്പിക്കാന്‍ കൂണിന് കഴിയുമെന്നാണ്. ഫുഡ് കെമിസ്ട്രി എന്ന മാസികയിലാണ് ഇത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ റോബര്‍ട്ട് ബീല്‍മാന്റെ നേതൃത്വത്തില്‍ 13 ഇനം കൂണികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്. കൂണില്‍ അടങ്ങിയിട്ടുള്ള രണ്ടിനം നിരോക്‌സീകാരികളാണ് ഇതിന് സഹായിക്കുന്നത്. കൂണില്‍ എര്‍ഗോതയോനിന്‍, ഗ്ലൂട്ടാതയോനിന്‍ എന്നിങ്ങനെ രണ്ട് ആന്റിഓക്‌സിഡന്റുകള്‍ അധവാ നിരോക്‌സീകാരികള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മറ്റ് ഭക്ഷ്യ വസ്തുക്കളേക്കാള്‍ കൂടിയ അളവില്‍ നിരോക്‌സീകാരികള്‍ കൂണില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. പഠനം നടത്തിയതില്‍ പോര്‍സിനി എന്ന കൂണിലാണ് ആന്റിഓക്‌സിഡന്റുകളുടെ അളവ് കൂടുതലായി കണ്ടെത്തിയത്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുവാന്‍ ഈ ആന്റിഓക്‌സിഡന്റുകള്‍ക്ക് കഴിയുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."