പത്മാവതിയുടെ റിലീസ് തടയണമെന്ന ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: വിവാദമായ സഞ്ജയ് ബന്‍സാലി ചിത്രം പത്മാവതിയുടെ റിലീസ് തടണമെന്ന ഹരജി സുപ്രിംകോടതി തള്ളി. സിനിമ പ്രദര്‍ശിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ്. സെന്‍സര്‍ ബോര്‍ഡിന്റെ ചുമതലയില്‍ കൈകടത്തുന്നില്ലെന്നും വ്യക്തമാക്കിയാണ് ഹരജി സുപ്രിംകോടതി തള്ളിയത്.
കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്നു 'പത്മാവതി'യുടെ റിലീസ് നീട്ടിയിരുന്നു. ഡിസംബര്‍ ഒന്നിനായിരുന്നു നേരത്തേ റിലീസ് തീരുമാനിച്ചിരുന്നത്.
സിനിമയില്‍ ചരിത്രം വളച്ചൊടിച്ചുവെന്നും സംവിധായകന്‍ സഞ്ജയ് ലീലാബന്‍സാലിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
വടക്കേയിന്ത്യയില്‍ പലയിടത്തും രാജ്പുത് കര്‍ണി സേനയുടെ നേതൃത്വത്തില്‍ സിനിമയ്‌ക്കെതിരേ അക്രമവും പ്രതിഷേധവും നടന്നുകൊണ്ടിരിക്കുകയാണ്. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് സിനിമയെന്നാണ് ഇവരുടെ ആരോപണം. ചക്രവര്‍ത്തിയായ അലാവുദീന്‍ ഖില്‍ജിക്ക് കീഴടങ്ങാന്‍ തയാറാകാതിരുന്ന റാണി പത്മിനിയാണ് സിനിമയുടെ പ്രമേയം. ചിത്രം ചക്രവര്‍ത്തിയുടെയും റാണി പത്മിനിയുടെയും പ്രണയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ആരോപിച്ചാണ് ആക്രമണം.
ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങുമാണ് റാണി പത്മിനിയുടെയും അലാവുദീന്‍ ഖില്‍ജിയുടെയും വേഷങ്ങളില്‍ അഭിനയിക്കുന്നത്.
പത്മാവതി സിനിമയ്‌ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാരും യു.പി സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ജനവികാരം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണമെന്നായിരുന്നു ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."