സി.പി.എം-സി.പി.ഐ ഏറ്റുമുട്ടലിന് വെടിനിര്‍ത്തല്‍
തിരുവനന്തപുരം: കൊമ്പുകോര്‍ക്കലില്ല, വല്യേട്ടനും കൊച്ചേട്ടനും ഇനി ഒറ്റക്കെട്ട്. തോമസ് ചാണ്ടി വിഷയത്തില്‍ പരസ്യമായി കൊമ്പു കോര്‍ത്ത ഭരണകക്ഷികളായ സി.പി.ഐയും സി.പി.എമ്മും തമ്മില്‍ വെടിനിര്‍ത്താന്‍ തീരുമാനമായി.
കഴിഞ്ഞ ദിവസം വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും ദേശീയ എക്‌സിക്യുട്ടീവ് അംഗം ഇസ്മാഈലുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് പരസ്യമായ വിഴുപ്പലക്കല്‍ വേണ്ടെന്നുവച്ചത്.
ഇക്കാര്യം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ചറിയിച്ചു. സി.പി.എമ്മും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലോ അടുത്ത എല്‍.ഡി.എഫിലോ ചര്‍ച്ച ചെയ്യാമെന്നും കോടിയേരി കാനത്തോട് പറഞ്ഞു.
ഇരു പാര്‍ട്ടികളുടെയും പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ഇരു പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ സെക്രട്ടറിമാരെ അറിയിച്ചിരുന്നു. ഇനിയും പരസ്യ ഏറ്റുമുട്ടല്‍ നടത്തിയാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന് എല്‍.ഡി.എഫിലെ മറ്റു ഘടകകക്ഷികളും ഇരു സെക്രട്ടറിമാരോടും പറഞ്ഞിരുന്നു.
നേതാക്കളോട് മുന്നണിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായം പറയരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാര്‍, ലോ അക്കാദമി, യു.എ.പി.എ, മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതടക്കം സി.പി.എമ്മുമായി ഇടഞ്ഞിട്ടുള്ള സി.പി.ഐ, തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് കടുത്ത പ്രയോഗം നടത്തിയതാണ് ഇരു പാര്‍ട്ടികളും പരസ്യ ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനം വിളിച്ച് പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.വിദേശത്തായിരുന്ന കാനത്തിനു പകരം അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവാണ് പ്രതികരിച്ചത്. പിന്നീട് സി.പി.ഐയുടെ നിലപാട് തള്ളി അതേ പാര്‍ട്ടിയിലെ നേതാവ് ഇസ്മാഈല്‍ തന്നെ പരസ്യമായി രംഗത്തു വന്നതും സി.പി.ഐയെ പ്രതിരോധത്തിലാക്കിയിരുന്നു.
അതേസമയം, ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ സി.പി.ഐയെ ഒഴിവാക്കി മൂന്നാര്‍ സംരക്ഷണ സമിതിക്കു രൂപം നല്‍കിയതും റവന്യൂ, വനം വകുപ്പുകള്‍ക്കെതിരായി പത്ത് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നതും പ്രാദേശിക വിഷയമായി കണ്ടാല്‍ മതിയെന്നാണ് ചര്‍ച്ചയ്ക്കു ശേഷം സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
മൂന്നാര്‍ വിഷയത്തില്‍ നേരത്തെ സി.പി.ഐ എന്തു നിലപാട് സ്വീകരിച്ചോ അതിനു മാറ്റമില്ലെന്നും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും എന്നാല്‍, സി.പി.എമ്മിനെതിരേ പരസ്യ നിലപാട് സ്വീകരിക്കില്ലെന്നും സി.പി.ഐ നേതൃത്വം പറയുന്നു.
അതിനിടെ സി.പി.എം ഏരിയാ സമ്മേളനങ്ങളില്‍ സി.പി.ഐയുടെ നിലപാടിനെതിരേ ശക്തമായ ചര്‍ച്ചയാണ് നടക്കുന്നത്. സമ്മേളനങ്ങളില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് സി.പി.ഐക്കെതിരേ പരസ്യമായ പ്രസ്താവനകള്‍ നടത്തരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."