റഫേല്‍ യുദ്ധവിമാന ഇടപാട് സംശയങ്ങള്‍ ദൂരീകരിക്കണം
യു.പി.എ സര്‍ക്കാര്‍ രൂപം നല്‍കിയ റഫേല്‍ പോര്‍വിമാനക്കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് മാറ്റം വരുത്തിയത് ഒരു ബിസിനസുകാരന് വേണ്ടിയാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരോപണം അന്വേഷിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയോട് ചോദിക്കുന്നില്ല എന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യവും പ്രസക്തമാണ്. മാധ്യമങ്ങളെ ഭയപ്പെടുത്തിയും പ്രീണിപ്പിച്ചും പാര്‍ശ്വവല്‍ക്കരിച്ചതിന്റെ ദുരന്തമാണിപ്പോള്‍ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയിരിക്കുന്നു സര്‍ക്കാര്‍. പ്രതിരോധരംഗത്ത് പോലും അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണോ സര്‍ക്കാര്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമിത്ഷായുടെ മകന്‍ ജയ്ഷാ നടത്തിയ അഴിമതിയെക്കുറിച്ചും മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നതും അര്‍ധരാത്രികളിലെ റെയ്ഡുകളും സ്ഥാപന മേധാവികളെ കള്ളക്കേസുകളില്‍ കുടുക്കുമെന്ന ഭയത്താലുമാണ്.
ഫ്രാന്‍സില്‍ നിന്ന് 58,000 കോടി രൂപയ്ക്ക് 38 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ യു.പി.എ സര്‍ക്കാര്‍ ഫ്രാന്‍സുമായി കരാര്‍ രൂപപ്പെടുത്തിയതായിരുന്നു. ഇന്ത്യക്ക് ആവശ്യം 126 റഫേല്‍ യുദ്ധവിമാനങ്ങളായിരുന്നു. ഇതില്‍ 18 എണ്ണം സര്‍ക്കാര്‍ നേരിട്ട് വാങ്ങുകയും ബാക്കി വരുന്ന 108 എണ്ണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, 2014ല്‍ അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാരാണ് കരാറില്‍ ഒപ്പിട്ടത്. നേരത്തെ യു.പി.എ സര്‍ക്കാരുമായി കൂടിയാലോചിച്ച് രൂപപ്പെടുത്തിയ കരാറില്‍ വെള്ളം ചേര്‍ത്തായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടത്. പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനെപ്പോലും അറിയിക്കാതെ പ്രധാനമന്ത്രി നേരിട്ട് കരാര്‍ ഉറപ്പാക്കുകയായിരുന്നു.
ഈ കരാര്‍ പ്രകാരം 38 റഫേല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കി സാങ്കേതികവിദ്യ കൈമാറുകയുമില്ല. പകരം ഏതാനും വിമാനങ്ങളുടെ സാങ്കേതികവിദ്യ ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറും. ഈ സ്വകാര്യ കമ്പനിയെക്കുറിച്ചുള്ള ആരോപണങ്ങളാണ് കരാറില്‍ വെള്ളം ചേര്‍ത്തുവെന്ന സംശയങ്ങള്‍ക്ക് ഇടം നല്‍കുന്നത്. ഒരു കൈതോക്ക് പോലും നിര്‍മിച്ച് പരിചയമില്ലാത്ത കമ്പനിക്ക് യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയത് ദുരൂഹമാണ്. ഇതിനു പിന്നില്‍ അഴിമതിയുമുണ്ടെന്ന് രാഹുല്‍ഗാന്ധി ആരോപണം ഉന്നയിക്കുമ്പോള്‍ സത്യാവസ്ഥ ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. മന്‍മോഹന്‍ സിങ് രൂപം നല്‍കിയ കരാറില്‍ ഇന്ത്യക്കായിരുന്നു മേല്‍ക്കൈ. ഇന്ത്യയുടെ ദീര്‍ഘകാല പ്രതിരോധ പദ്ധതികളെയും ആസൂത്രണത്തെയും സംരക്ഷിച്ച് നിലനിര്‍ത്തുന്നതായിരുന്നു മന്‍മോഹന്‍ സിങ് രൂപം നല്‍കിയ കരാര്‍. 18 യുദ്ധ വിമാനങ്ങള്‍ വാങ്ങുകയും സാങ്കേതിക വിദ്യ കരസ്ഥമാക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയില്‍ തന്നെ അത്തരം യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാമായിരുന്നു.
എന്നാല്‍, പുതിയ കരാറില്‍ സാങ്കേതികവിദ്യ കൈമാറാത്തതിനാല്‍ ആ സാധ്യതയാണ് ഇല്ലാതായിരിക്കുന്നത്. വിമാന ഭാഗങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) കമ്പനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്. യു.പി.എ സര്‍ക്കാര്‍ ഈ വിഷയം എച്ച്.എ.എല്ലുമായി ചര്‍ച്ച ചെയ്തതുമാണ്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ കമ്പനിക്ക് നല്‍കാതെ സ്വകാര്യ കമ്പനിക്ക് അതും യുദ്ധവിമാനങ്ങള്‍ നിര്‍മിച്ച് പരിചയമില്ലാത്ത കമ്പനിക്ക് നല്‍കിയതാണ് ഏറെ സംശയങ്ങള്‍ക്ക് ഇടവരുത്തുന്നത്. ഇന്ത്യക്ക് ഒട്ടാകെ വേണ്ടത് 126 വിമാനങ്ങളായിരുന്നു. ഇതില്‍ 18 എണ്ണം വാങ്ങി ബാക്കി ഇന്ത്യയില്‍ നിര്‍മിക്കുമ്പോള്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ക്ക് ഏകരൂപം കൈവരും. പലവിധ വിമാനങ്ങളാകുമ്പോള്‍ അതിന്റെ കേടുപാടുകള്‍ തീര്‍ക്കാനും ഒരൊറ്റ സംവിധാനത്തിലൂടെ നിയന്ത്രിക്കാനുമുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്.
ഇപ്പോഴുള്ള യുദ്ധവിമാനങ്ങള്‍ പലതരത്തിലുള്ളതായതിനാല്‍ കൈകാര്യം ചെയ്യാനുള്ള പ്രയാസം ഏറെയാണ്. ഇതിനാലാണ് ഫ്രാന്‍സില്‍ നിന്നു 38 റഫേല്‍ യുദ്ധവിമാനങ്ങളും സാങ്കേതികവിദ്യയും കരസ്ഥമാക്കാന്‍ തീരുമാനിച്ചത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനായിരുന്നു മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ശ്രമിച്ചത്. അതാണ് ബി.ജെ.പി സര്‍ക്കാര്‍ തകിടംമറിച്ചിരിക്കുന്നത്. ഇങ്ങനെയാണോ രാജ്യസ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ഇങ്ങനെയാണോ മെയ്ക് ഇന്ത്യ രൂപപ്പെടുന്നത്. എച്ച്.എ.എല്‍ കമ്പനിക്ക് നല്‍കാതെ സ്വകാര്യ കമ്പനിക്ക് ബാക്കിയുള്ള വിമാനങ്ങള്‍ നിര്‍മിക്കുവാന്‍ കരാര്‍ ഏര്‍പ്പാടാക്കിയതിലെ ദുരൂഹത സര്‍ക്കാര്‍ ദൂരീകരിക്കേണ്ടതുണ്ട്. സത്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്നാക്കം പോകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."