ലോകത്തെ വിറപ്പിച്ച 'പരമ്പര കൊലയാളി'ക്ക് തടവറയില്‍ അന്ത്യം
വാഷിങ്ടണ്‍: ലോകത്തെ വിറപ്പിച്ച 'ഭീകര' കൊലയാളിക്ക് ഒടുവില്‍ തടവറയില്‍ അന്ത്യം. ലോക മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക പരമ്പരകള്‍ക്കു നേതൃത്വം നല്‍കിയ അമേരിക്കയിലെ ഹിപ്പി വിഭാഗം നേതാവ് ചാള്‍സ് മാന്‍സണ്‍ അന്തരിച്ചു. കാലിഫോര്‍ണിയയിലെ കേണ്‍ കൗണ്ടി ആശുപത്രിയിലാണ് അന്ത്യം. വിവിധ കേസുകളിലായി അരനൂറ്റാണ്ടു കാലമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന മാന്‍സണിന് 83 വയസായിരുന്നു. സ്വാഭാവിക മരണമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
നരഹത്യക്കു നേതൃത്വം കൊടുത്തതിനു പുറമെ അനുയായികളെയും ഇത്തരം കുടില കൃത്യങ്ങള്‍ക്കു പ്രേരിപ്പിച്ചാണ് മാന്‍സണ്‍ ക്രൂരതയുടെ പര്യായമായി കുപ്രസിദ്ധിയാര്‍ജിച്ചത്.
1969ല്‍ ഹോളിവുഡ് നടിയും പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ റോമാന്‍ പൊളാന്‍സ്‌കിയുടെ ഭാര്യയുമായിരുന്ന ഷാരോണ്‍ ടെയ്റ്റ് അടക്കമുള്ള ഒന്‍പതു പേരെ കൊലപ്പെടുത്തിയാണ് മാന്‍സണും മാന്‍സണ്‍ കുടുംബം എന്ന പേരില്‍ അറിയപ്പെടുന്ന അനുയായികളും ക്രൂരവിനോദത്തിനു തുടക്കമിട്ടത്. അന്ന് ഗര്‍ഭിണിയായിരുന്ന ഷാരോണിനെ സംഘത്തിലെ യുവാവായിരുന്ന സൂസന്‍ ആറ്റ്കിന്‍സ് ആണ് കൊലപ്പെടുത്തിയത്. ഷാരോണിന്റെ കുടുംബത്തിലെ മറ്റു നാലുപേരും ആ രാത്രിയില്‍ കൊല ചെയ്യപ്പെട്ടു. അമേരിക്കയ്ക്കു പുറമെ ലോകം തന്നെ ഞെട്ടലോടെയായിരുന്നു ആ വാര്‍ത്ത ശ്രവിച്ചത്.
തൊട്ടടുത്ത ദിവസം ലോസ് ആഞ്ചല്‍സിലെ സമ്പന്ന ദമ്പതികളായിരുന്ന ലെനോ, റോസ്‌മേരി ലാബിയാന്‍ക എന്നിവരെയും സംഘം വധിച്ചതോടെയാണു ലോകം വളര്‍ന്നുവരുന്ന മാന്‍സണ്‍ ക്രിമിനല്‍ സംഘത്തെ കുറിച്ചുള്ള ചര്‍ച്ചകളിലേക്കു തിരിഞ്ഞത്.
ഹോളിവുഡിലെ സ്റ്റന്റ് രംഗങ്ങള്‍ക്കു പ്രസിദ്ധനായ ഡൊണാള്‍ഡ് ഷീയും മറ്റൊരു സംഭവത്തില്‍ സംഘത്തിന്റെ കൊലക്കത്തിക്കിരയായി. എന്നാല്‍, ഈ സംഭവത്തിലൊന്നും നേരിട്ടു പങ്കെടുക്കാതെ എല്ലാം മറ്റൊരിടത്തിരുന്നു നിയന്ത്രിക്കുകയായിരുന്നു മാന്‍സണ്‍. ഷാരോണ്‍-ലാബിയാന്‍ക കൊലപാതകങ്ങളെല്ലാം കറുത്ത വംശജര്‍ക്കെതിരേ വഴിതിരിച്ചുവിട്ടു രക്ഷപ്പെടാമെന്നും മാന്‍സണ്‍ കരുതി.
അനുയായികളെ താന്‍ യേശുവിന്റെ അവതാരമാണെന്നു പറഞ്ഞും മാന്‍സണ്‍ വിശ്വസിപ്പിച്ചിരുന്നുവത്രെ. മയക്കുമരുന്നുകളും മറ്റും ഉപയോഗിച്ച് യുവജനങ്ങളെ സ്വന്തം വരുതിയിലാക്കാന്‍ പ്രത്യേക കഴിവും ഇയാള്‍ക്കുണ്ടായിരുന്നു.
1971ല്‍ പൊലിസിന്റെ പിടിയിലായ ചാള്‍സ് മാന്‍സണിന് കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍, കാലിഫോര്‍ണിയയില്‍ വധശിക്ഷ റദ്ദാക്കിയതോടെ ശിക്ഷ ഒന്‍പത് ജീവപര്യന്തമായി കുറച്ചു.
ജയില്‍വാസത്തിനിടയില്‍ 12 തവണ പരോളിലിറങ്ങി. 2014ല്‍ കാമുകിയെന്നു പരിചയപ്പെടുത്തിയ 26കാരിയെ വിവാഹം ചെയ്യാന്‍ അനുവാദം ലഭിച്ചെങ്കിലും ലൈസന്‍സ് കാലാവധി തീര്‍ന്നതിനാല്‍ വിവാഹം നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."