കാറിന് പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍; നടന്‍ ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതിയടച്ചു
ആലപ്പുഴ: പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടിസ് നല്‍കിയ നടന്‍ ഫഹദ് ഫാസില്‍ 17.68 ലക്ഷ രൂപ നികുതിയടച്ചു. ആലപ്പുഴ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ ദൂതന്‍ മുഖേനയാണ് നികുതിയടച്ചത്. പി. വൈ 05 9898 രജിസ്‌ട്രേഷന്‍ നമ്പരിലുള്ള ബെന്‍സ് കാര്‍ കേരള രജിസ്‌ട്രേഷനിലേക്കു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഫഹദിന് ആര്‍.ടി.ഒ ഒരാഴ്ചത്തെ സമയം അനുവദിച്ചു.
95 ലക്ഷം രൂപയാണു വാഹനവില. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് ഉടമകള്‍ നികുതി വെട്ടിപ്പു നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരുന്നു.
തൃപ്പൂണിത്തുറയിലെ സ്വകാര്യ പാര്‍പ്പിട സമുച്ചയത്തില്‍ നടത്തിയ പരിശോധനയില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 10 വാഹനങ്ങളുടെ ഉടമകള്‍ക്കു മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയിരുന്നു. നടന്‍ ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന വാഹനവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചില കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കി മാറ്റിയ നിലയിലായിരുന്നു. മൂന്നു കോടി രൂപ വരെ വില വരുന്ന ആഡംബര കാറുകളാണു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഉടമകള്‍ സ്ഥലത്തില്ലെന്ന മറുപടിയാണു ലഭിച്ചത്.
രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടിസ് ഉടമകള്‍ക്കു കൈമാറാന്‍ അയല്‍വാസികളെ ചുമതലപ്പെടുത്തിയിരുന്നു. കൂടാതെ നടി അമലാ പോള്‍, നടനും എം.പിയുമായ സുരേഷ് ഗോപി എന്നിവരുടെ വാഹനങ്ങളും നികുതി ഇളവു ലഭിക്കാന്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."