കെ.എസ്.ആര്‍.ടി.സിയിലെ നിസ്സഹകരണ സമരം: ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം അട്ടിമറിക്കാനുള്ള നീക്കം
തിരുവനന്തപുരം: നിസ്സഹകരണ സമരത്തിലൂടെ കെ.എസ്.ആര്‍.ടി.സിയില്‍ നടന്നത് പുതുതായി ഏര്‍പ്പെടുത്താന്‍ ആലോചിച്ച ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം അട്ടിമറിക്കല്‍.
ജീവനക്കാരില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില ഷെഡ്യൂളുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇന്നലെയോടെ ഷെഡ്യൂളുകള്‍ കൃത്യമായെങ്കിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തിലുള്ള ഷെഡ്യൂളുകള്‍ ഓടിക്കാന്‍ കഴിഞ്ഞില്ല.
കോയമ്പത്തൂരിലേക്ക് പുതിയതായി നിശ്ചയിച്ച ഡ്രൈവര്‍ കം കണ്ടക്ടര്‍ ഷെഡ്യൂളുകളാണ് സര്‍വിസ് നടത്താനാകാതെ പോയത്. ഈ ഷെഡ്യൂളില്‍ ജോലി ചെയ്യാന്‍ ജീവനക്കാര്‍ തയാറാകാതെ ഒഴിഞ്ഞുമാറുകയാണ്. തൊഴിലാളി സംഘടനകളെല്ലാം ഈ സംവിധാനത്തിന് എതിരാണ് എന്നതാണ് ഇത്തരത്തില്‍ തിരിച്ചടിയുണ്ടാകാന്‍ കാരണമെന്ന് പറയുന്നു.
ഈ പദ്ധതിയെ കണ്ടക്ടര്‍മാരും ശക്തമായി എതിര്‍ക്കുന്നുണ്ട്. ഡ്രൈവര്‍മാരെ കണ്ടക്ടര്‍മാരായി എടുത്തതല്ലാതെ കണ്ടക്ടര്‍മാരില്‍നിന്ന് ഡ്രൈവര്‍മാരെ ഈ സംവിധാനത്തിലേക്ക് എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഡ്രൈവര്‍മാരെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടിയിലേക്ക് നിയോഗിക്കുമ്പോള്‍ അവരുടെ പ്രമോഷന്‍ എങ്ങനെയായിരിക്കുമെന്ന കാര്യം ഡ്രൈവര്‍മാരും ചോദിക്കുന്നുണ്ട്. ഇതിനിടെ നിസ്സഹകരണ സമരം നടത്തിയ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതിനുള്ള നീക്കങ്ങളും കെ.എസ്.ആര്‍.ടി.സിയില്‍ ആരംഭിച്ചിട്ടുണ്ട്.
285 കണ്ടക്ടര്‍മാരെ സ്ഥലം മാറ്റാന്‍ തീരുമാനിച്ച മാനേജ്‌മെന്റിന്റെ നടപടിക്കെതിരേയാണ് ജീവനക്കാര്‍ നിസ്സഹകരണ സമരം നടത്തിയതെന്നാണ് പറയുന്നതെങ്കിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടിക്കെതിരായ അവരുടെ പ്രതിഷേധമായിരുന്നു പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."