പുതിയ തെരഞ്ഞെടുപ്പ് നേരിടാമെന്ന് മെര്‍ക്കല്‍
ബെര്‍ലിന്‍: കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പുതിയ തെരഞ്ഞെടുപ്പിനൊരുങ്ങി ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍. ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുന്നതിനെക്കാളും ഭേദം പുതിയ തെരഞ്ഞെടുപ്പ് നേരിടുകയാണെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച മാത്രമാണു പരാജയപ്പെട്ടതെന്നും അത് ചാന്‍സലര്‍ പദവി രാജിവയ്ക്കാനുള്ള കാരണമല്ലെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വഴി തീര്‍ത്തും ശ്രമകരമായിത്തീര്ന്നിരിക്കുകയാണ്. ഒരു ന്യൂനപക്ഷ സര്‍ക്കാരുമായി മുന്നോട്ടുപോകുന്നതിനെ കുറിച്ച് ഞാന്‍ സംശയാലുവാണ്. ജര്‍മനിക്കു സുസ്ഥിരതയാണു വേണ്ടത്. ഓരോ തീരുമാനം കൈക്കൊള്ളാനും ഭൂരിപക്ഷ പിന്തുണ തേടേണ്ട അവസ്ഥ സര്‍ക്കാരിന് ഉണ്ടാകരുത്. അതുകൊണ്ടു തന്നെ പുതിയ തെരഞ്ഞെടുപ്പിനെ നേരിടുകയാകും നല്ലത്-മെര്‍ക്കല്‍ പറഞ്ഞു.
രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്.പി.ഡി) പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞ ദിവസം സന്നദ്ധത അറിയിച്ചിരുന്നു. മെര്‍ക്കലിനെ പിന്തുണക്കില്ലെന്ന് എസ്.പി.ഡി നേതാവ് മാര്ട്ടിന് ഷ്യൂള്സ് നേരത്തെ വ്യക്തമാക്കിയതാണ്.
അതേസമയം, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സമീപനം പുനപരിശോധിക്കണമെന്ന് ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റൈന്മീര് ആവശ്യപ്പെട്ടു. ജര്‍മനി അഭൂതപൂര്‍വമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നതെന്നും രാജ്യത്തിന്റെ നന്മയ്ക്കായി പാര്‍ട്ടികള്‍ നീക്കുപോക്കിനു തയാറാകണമെന്നും ഫ്രാങ്ക് വാള്‍ട്ടര്‍ പറഞ്ഞു.
തുടര്‍ച്ചയായി നാലാമൂഴത്തിലും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍(സി.ഡി.യു)-ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂനിയന്‍(സി.എസ്.യു) മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല.
ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി(എഫ്.ഡി.പി) ഞായറാഴ്ച ചര്‍ച്ചയില്‍നിന്നു പിന്‍വാങ്ങിയതോടെയാണ് മെര്‍ക്കല്‍ പ്രതിസന്ധിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."