മോദിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ട്രോള്‍; പ്രതിഷേധവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ട്രോളിറക്കിയ യൂത്ത് കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. യൂത്ത് കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ മാസികയായ 'യുവ ദേശി'ലാണ് ട്രോള്‍ പ്രത്യക്ഷപ്പെട്ടത്. യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ബ്രിട്ടന് പ്രധാനമന്ത്രി തെരേസ മേ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതാണ് ട്രോള്‍.
വിവാദത്തെ തുടര്‍ന്ന് ട്രോള്‍ പിന്‍വലിച്ചു. എന്നാല്‍ പിന്‍വലിച്ചതു കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന നിലപാടിലാണ് ബി.ജെ.പി. നഷ്ടം സംഭവിച്ചുവെന്നും ഇനിതിരുത്താനാകില്ലെന്നും ബി.ജെ.പി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. ട്രോള്‍ പിന്‍വലിച്ചതുകൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കില്ല. മനപൂര്‍വമോ അല്ലാതെയോ ചെയ്തതാകട്ടെ, അതു നിങ്ങള്‍ക്കു വരുത്തി വയ്ക്കുന്ന നഷ്ടം വലുതായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
പാവങ്ങളെ പരിഹസിക്കുന്ന മനസ്ഥിതി എത്രയോ അപഹാസ്യമാണെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. കളിയാക്കലിനുള്ള മറുപടി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നായിരുന്നു സംപ്രീത് പത്രയുടെ പ്രതികരണം.
അതിനിടെ ഇത്തരം പരിഹാസങ്ങള്‍ അംഗീകരിക്കില്ലെന്ന വിശദീകരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ഇത്തരം അപഹാസ്യമായ ട്രോളുകള്‍ പ്രോത്സാഹിപ്പിക്കാറില്ലെന്ന് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സുജേര്‍വാല പറഞ്ഞു. പ്രധാനമന്ത്രിയോടും രാഷ്ട്രീയ എതിരാളികളോടും ബഹുമാനമാണ് കോണ്‍ഗ്രസിനുള്ളതെന്നും സുജേര്‍വാല കൂട്ടിച്ചേര്‍ത്തു.
2014ല്‍ മോദിയുടെ ജീവിത പശ്ചാത്തലം വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ നടപടിയും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."