ഫോണ്‍കെണി വിവാദം: ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു
തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഫോണ്‍കെണി വിവാദം അന്വേഷിച്ച പി എസ് ആന്റണി കമ്മിഷന്‍ ഇന്നലെയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയത്.
ശശീന്ദ്രനെതിരേ തുടരന്വേഷണമോ ക്രിമിനല്‍ കേസോ എടുക്കാനുള്ള തെളിവുകളില്ല. മുന്‍ മന്ത്രിയെ കരുതിക്കൂട്ടി ചാനല്‍ കുടുക്കുകയായിരുന്നു. നിരവധി സമന്‍സുകള്‍ അയച്ചിട്ടും പരാതിക്കാരിയോ ചാനല്‍ മേധാവികളോ ഒരു തെളിവും കമ്മിഷനു മുന്നില്‍ ഹാജരാക്കിയില്ല. പരാതിക്കാരിയാകട്ടെ കമ്മിഷനു മുന്നില്‍ ഹാജരായതുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശശീന്ദ്രന്റേതായി പുറത്തു വിട്ട ഓഡിയോ ടേപ്പിന്റെ ഒറിജിനല്‍ ഹാജരാക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ചാനല്‍ മേധാവി നിഷേധ സമീപനമാണ് സ്വീകരിച്ചത്. ഒറിജിനല്‍ ഓഡിയോ ഹാജരാക്കാത്തതിനാല്‍ അതിന്റെ ആധികാരികത പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ ശശീന്ദ്രനെ കുടുക്കാന്‍ വേണ്ടി ഓഡിയോ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്നും സംശയമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചാനല്‍ മേധാവികള്‍ ഫോണും ലാപ്‌ടോപ്പും കമ്മിഷനു മുന്നില്‍ ഹാജരാക്കിയില്ല.
സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ചാനല്‍ നിരോധിക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അശ്ലീല സംഭാഷണം എഡിറ്റ് ചെയ്യാതെ പ്രക്ഷേപണം ചെയ്ത ചാനല്‍ മേധാവി ആര്‍.അജിത്കുമാറിനെ ക്രിമിനല്‍ കേസ് എടുത്ത് പ്രോസിക്യൂട്ട് ചെയ്യണമെന്നും ശുപാര്‍ശയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."