പദ്മാവതിക്ക് ഗുജറാത്തിലും നിരോധനം; റാണി പദ്മിനി കഥകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ മധ്യപ്രദേശ്
ഗാന്ധി നഗര്‍: വിവാദ ബോളിവുഡ് സിനിമ പദ്മാവതിയെ ചുവടുപിടിച്ച് രാഷ്ട്രീയം കളിച്ച് ബി.ജെ.പി. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ പാഠപുസ്തകത്തില്‍ പദ്മിനി കഥകള്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് മധ്യപ്രദേശ്.
നേരത്തെ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഗുജറാത്തിന്റെ നിരോധനം. രജപുത്ര സമൂഹത്തിന്റെ വികാരത്തെ ചിത്രം വൃണപ്പെടുത്തുന്നുണ്ടെന്നും അതിനാലാണ് ഗുജറാത്തില്‍ പ്രദര്‍ശനാനുമതി നിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ ചരിത്രം വികലമാക്കാന്‍ അനുവദിക്കില്ല. മഹത്തായ സംസ്‌കാരത്തെ കളങ്കപ്പെടുത്തുന്ന ഒന്നിനോടും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വിജയ് രൂപാനി പറഞ്ഞു.
വളച്ചൊടിച്ച ചരിത്രമാണ് പുതിയ തലമുറയെ പഠിപ്പിക്കുന്നതെന്നും അതു പരിഹരിക്കുന്നതിനു വേണ്ടിയാണ് പാഠപുസ്തകത്തില്‍ പദ്മിനിയുടെ കഥ ഉള്‍പ്പെടുത്തുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ പദ്മിനി കഥകള്‍ പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്മാവതിക്കായി സ്മാരകം പണിയുമെന്നും അവരുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്നും നേരത്തെ ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."