ജിഷയുടെ കൊല പീഡനം ചെറുത്തതിനെതുടര്‍ന്നുണ്ടായ വൈരാഗ്യം മൂലമെന്ന് പ്രോസിക്യൂഷന്‍
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ വെട്ടിയും കുത്തിയും പ്രതി അമീര്‍ കൊലപ്പെടുത്തിയത് പീഡനം ചെറുത്തതിനെതുടര്‍ന്നുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. പ്രതിക്കെതിരേ ശക്തമായ ശാസ്ത്രീയ തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമാണ് ലഭ്യമായിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അന്തിമവാദത്തിന്റെ രണ്ടാംദിവസമായ ഇന്നലെ കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച വിവിധ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതി അമീര്‍ കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്.
ജിഷയും മാതാവും പുറംപോക്കില്‍ കുടില്‍കെട്ടി താമസിച്ചിരുന്നത് പ്രതിക്ക് അറിയാമായിരുന്നു. പ്രതി താമസിച്ചിരുന്നയിടം ജിഷയുടെ വീട്ടില്‍ നിന്നും ദൂരെയായിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ശാസ്ത്രീയ പരിശോധനാ തെളിവുകള്‍ക്ക് പുറമെ പ്രതിയെ മെഡിക്കല്‍ പരിശോധന നടത്തിയ വിവിധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളും ഫോണ്‍വിളി വിശദാംശങ്ങളുടെ രേഖകളും നിരത്തിയാണ് അമീര്‍ കുറ്റം ചെയ്തതായി പ്രോസിക്യൂഷന്‍ വാദിച്ചത്. കുറ്റകൃത്യത്തിനുശേഷം അമീറിന്റെ ചൂണ്ടുവിരലില്‍ കടിയേറ്റപാടുണ്ടായിരുന്നു. താന്‍ ആ പെണ്‍കുട്ടിയുടെ വായ പൊത്തിപ്പിടിച്ചപ്പോള്‍ കൈയില്‍ കടിച്ചിരുന്നെന്നാണ് ഈ പാടിനെപറ്റി അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി പറഞ്ഞത്.
ഇതേ മൊഴിതന്നെയാണ് പരിശോധിച്ച ഡോക്ടറോടും പ്രതി പറഞ്ഞത്. ജിഷയുടെ തോളില്‍ പ്രതി കടിച്ചതിനെതുടര്‍ന്ന് ചുരിദാറില്‍ പറ്റിയ ഉമിനീരും ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. ഇതും പ്രതിയുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ജിഷയുടെ നഖത്തിനടിയില്‍ നിന്ന് ലഭ്യമായ ജീവകോശങ്ങളും ജിഷയുടെവീടിന് പിന്നിലെ വാതിലില്‍പുരണ്ട രക്തവുമൊക്കെ ഡി.എന്‍.എ പരിശോധനയില്‍ പ്രതിയുടേതാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇന്നലെ പ്രോസിക്യൂഷന്‍ വാദം അവസാനിച്ചു. 27മുതല്‍ പ്രതിഭാഗം അഭിഭാഷകന്റെ വാദം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."