ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: പുതിയ പരാതിയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ
കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് പരിഗണിക്കുന്നത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അടുത്തമാസം ഒന്നിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ ഒന്‍പതിനാണ് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടത്. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതിനെ തുടര്‍ന്ന് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് ഓഫ് കേരള പ്രസിഡന്റ് ഉമര്‍ ഫാറൂഖ് തങ്ങള്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ചെമ്പരിക്ക ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ ആദൂര്‍ സ്വദേശി അഷ്റഫ് തന്നോട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നുമാണ് ഉമര്‍ ഫാറൂഖ് തങ്ങള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ പരാതിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് നിയമപ്രകാരം ലഭ്യമായിട്ടില്ലെന്ന് ഇന്നലെ സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പകര്‍പ്പ് നല്കാന് കോടതി ആവശ്യപ്പെട്ടത്. ഇന്നുതന്നെ പരാതിയുടെ കോപ്പി സി.ബി.ഐയ്ക്ക് നല്‍കുമെന്ന് ഉമര്‍ ഫാറൂഖ് തങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് സുനില്‍കുമാര്‍ പറഞ്ഞു.
നേരത്തെ പരാതിയുടെ പകര്‍പ്പ് സി.ബി.ഐയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത് പ്രത്യേക ഫോമില്‍ നല്കേണ്ടിയിരുന്നതിനാലാണ് വീണ്ടും നല്കാന് കോടതി ആവശ്യപ്പെട്ടത്. പരാതിയുടെ കോപ്പിക്കൊപ്പം വെളിപ്പെടുത്തലിന്റെ സി.ഡി പകര്‍പ്പുകൂടി വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 25 നാണ് സി.ബി.ഐ കേസ് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കണമോ തള്ളണോ എന്ന കാര്യത്തില്‍ കോടതി പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകൂടി പരിഗണിച്ചതിനുശേഷമായിരിക്കും തീരുമാനമെടുക്കുക.
2010 ഫെബ്രുവരി 15 നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."