ഹജ്ജ് അപേക്ഷകര്‍ക്ക് അടിയന്തരമായി പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ വിദേശകാര്യ വകുപ്പിന്റെ നിര്‍ദേശം
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷകര്‍ക്ക് അടിയന്തരമായി പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ മുഴുവന്‍ പാസ്‌പോര്‍ട്ട് ഓഫിസ് കേന്ദ്രങ്ങള്‍ക്കും വിദേശകാര്യ വകുപ്പ് നിര്‍ദേശം നല്‍കി. അടുത്ത മാസം 7 വരെയാണ് ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
ഇവരില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നേരിട്ട് അവസരം ലഭിക്കുമെന്നതിനാല്‍ അപേക്ഷയോടൊപ്പം തന്നെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനാല്‍ ഹജ്ജ് ആവശ്യവുമായി എത്തുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് കാലതാമസമില്ലാതെ നല്‍കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ ഇതിനായി പ്രത്യേക കൗണ്ടര്‍ ഒരുക്കി നോഡല്‍ ഓഫിസറെ നിയമിക്കണം.
ഇവരുടെ പൊലിസ് വെരിഫിക്കേഷനുകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വകുപ്പ് പൊലിസ് ഉദ്യോഗസ്ഥരോടും നിര്‍ദേശിക്കണം. പാസ്‌പോര്‍ട്ടിന്റെ പേരില്‍ തീര്‍ഥാടനം നഷ്ടപ്പടുന്ന സാഹചര്യമുണ്ടാവരുതെന്നും നിര്‍ദേശത്തിലുണ്ട്. രാജ്യത്തെ മുഴുവന്‍ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ക്കും വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഹജ്ജ് അപേക്ഷകന് മെഷിന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുണ്ടായിരിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. നേരിട്ട് അവസരം ലഭിക്കാത്ത അപേക്ഷകരായാലും അപേക്ഷയില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം.
2019 ഫെബ്രുവരി 24 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് തീര്‍ഥാടകനുണ്ടായിരിക്കണമെന്നാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ നിര്‍ദേശം. ഈ വര്‍ഷം ഹജ്ജ് അപേക്ഷ സ്വീകരണം കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണുള്ളത്.
ഒരാഴ്ച പിന്നിട്ടിട്ടും തണുപ്പന്‍ പ്രതികരണം
ഇന്നലെ വരെ 3500 ഓളം അപേക്ഷകള്‍ മാത്രം
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സ്വീകരണം ഒരാഴ്ച പിന്നിട്ടിട്ടും തണുപ്പന്‍ പ്രതികരണം. ഇന്നലെ വരെ 3500 ഓളം അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ 15 മുതല്‍ ആണ് അപേക്ഷ സ്വീകരണം ആരംഭിച്ചത്. മുന്‍വര്‍ഷങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ പതിനായിരം കടന്നിരുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് അപേക്ഷകര്‍ കുറയാന്‍ കാരണം. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനം സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഡിസംബര്‍ ഏഴ് വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."