ഉത്തരവാദിത്വ മാധ്യമപ്രവര്‍ത്തനം പഠിപ്പിക്കുക ലക്ഷ്യം: മാധ്യമപ്രവര്‍ത്തകര്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരള മീഡിയ അക്കാദമി വഴി തുടര്‍ വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഫോണ്‍ കെണി അന്വേഷിച്ച ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ തുടര്‍ന്നാണ് തീരുമാനം.
മാധ്യമങ്ങളുടെ വിശേഷിച്ച് സമൂഹമാധ്യമങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ച് സ്‌കൂള്‍തലം മുതല്‍ വിദ്യാഭ്യാസം നല്‍കി മാധ്യമപ്രവര്‍ത്തനം ഉത്തരവാദിത്വമുള്ളതാക്കണം. മാധ്യമ സ്ഥാപനങ്ങള്‍ ധാര്‍മിക മാധ്യമ പ്രവര്‍ത്തനം പിന്തുടരണം. ഇതേക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിന് കേരള മീഡിയ അക്കാദമി മുന്നിട്ടിറങ്ങണം.
മാധ്യമ അക്രഡിറ്റേഷന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും മുന്‍ ഉപാധിയായി എല്ലാ മാധ്യമ പ്രവര്‍ത്തകരും വര്‍ഷത്തില്‍ ഒരിക്കല്‍ കേരള മീഡിയ അക്കാദമിയുടെ റിഫ്രഷര്‍ കോഴ്‌സിന് നിര്‍ബന്ധമായും പങ്കെടുക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.
ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമമില്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് 1885, ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫി ആക്ട് 1933, ദി കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് (റെഗുലേഷന്‍) ആക്ട് 1995, ദി ടെലികോം റെഗുലേറ്ററി ആക്ട് 1997 എന്നിവ പിന്‍വലിച്ച് യു.കെയില്‍ നിലവിലുള്ള കമ്മ്യൂണിക്കേഷന്‍ ആക്ട് 2003 മാതൃകയില്‍ നിയമമുണ്ടാക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നും, വിപുലമായ നിയമത്തിന് പകരമായി പ്രസ് കൗണ്‍സിലിനെ മീഡിയ കൗണ്‍സിലായി രൂപാന്തരം വരുത്തി പ്രൈവറ്റ് ഇലക്‌ട്രോണിക് മീഡിയയെ നിയന്ത്രിക്കുന്നതിനുള്ള അധികാരം നല്‍കണമെന്നും കമ്മിഷന്‍ ശുപാര്‍ശയില്‍ പറയുന്നു.
ഇക്കാര്യം സര്‍ക്കാര്‍ നിയോഗിച്ച സമിതി പരിശോധിച്ച ശേഷം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."