പാസ്‌പോര്‍ട്ട് ഓഫിസ് ലയനം നയപരമായ തീരുമാനമെന്ന് കേന്ദ്രം
കൊച്ചി: മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫിസ് കോഴിക്കോട് ഓഫിസുമായി ലയിപ്പിക്കുന്നത് നയപരമായ തീരുമാനമാണെന്നും ഇത് പാസ്‌പോര്‍ട്ട് വിതരണത്തെ ബാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
മലപ്പുറത്ത് കൂടുതല്‍ പോസ്റ്റ് ഓഫിസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുടങ്ങുന്നുണ്ടെന്നും സാമ്പത്തിക നേട്ടവും ജീവനക്കാരുടെ സേവന ലഭ്യതയും കണക്കിലെടുത്താണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് കോഴിക്കോട് ഓഫിസില്‍ ലയിപ്പിക്കുന്നതെന്നും വിശദീകരണ പത്രികയില്‍ പറയുന്നു.
മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടുന്നതിനെതിരേ പി.കെ കുഞ്ഞാലിക്കുട്ടി എം.പി നല്‍കിയ ഹരജിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്.
മലപ്പുറത്തെ ഓഫിസ് മാറ്റുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നതുപോലെ സാമ്പത്തികലാഭം ഉണ്ടാവില്ലെന്നും കോഴിക്കോട്ട്‌നിന്ന് ഉദ്യോഗസ്ഥര്‍ക്ക് മലപ്പുറത്തേക്ക് നിരന്തരം വരേണ്ടി വരുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത്‌നിന്ന് മാറ്റിയാലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രവും കൂടുതല്‍ പോസ്റ്റ് ഓഫിസ്, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു.
ഇത് പരിഗണിച്ച ഹൈക്കോടതി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ജീവനക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണോ, മലപ്പുറത്ത്‌നിന്ന് ഓഫിസ് മാറ്റുമ്പോള്‍ കോഴിക്കോട്ടേക്ക് പോകേണ്ടി വരുന്ന ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ട് നല്‍കുന്ന നടപടിക്രമങ്ങള്‍ക്കായി മലപ്പുറത്തേക്ക് വരേണ്ടി വരുമോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."