യുദ്ധവീരന്മാര്‍ക്ക് ജന്മനാട്ടില്‍ ഉജ്ജ്വല സ്മാരകം
ഏറ്റുമാനൂര്‍ : മാതൃരാജ്യത്തിനായി വീരമ!ൃത്യു വരിച്ച രണ്ട് ധീര ജവാന്മാര്‍ക്കായി എഴുപതാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കടക്കുമ്പോള്‍ ജന്മനാട്ടില്‍ ഉജ്ജ്വല സ്മാരകം ഒരുങ്ങുന്നു. ഇന്തോ - പാക്ക് യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ കോട്ടയം കല്ലറ സ്വദേശികളായ സി.കെ സുദര്‍ശനന്‍, വി.ടി ഔസേപ്പ് എന്നിവര്‍ക്കായാണു വിമുക്തഭടന്മാരുടെ നേതൃത്വത്തില്‍ ജന്മനാട്ടില്‍ സ്മാരകമൊരുക്കിയത്.
കല്ലറ ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ഗ്രാനൈറ്റ് ശിലയില്‍ നിര്‍മിച്ചിരിക്കുന്ന സ്മാരകത്തില്‍ ഇരുവരുടെയും ചിത്രങ്ങളും വിവരങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ വീരമൃത്യു വരിച്ചതിന്റെ പ്രതീകമെന്നോണം സ്മാരകത്തിനു മുകളില്‍ ഇന്ത്യയുടെ ഭൂപടത്തോടുകൂടിയ ഗ്ലോബും അതിനു മുകളില്‍ തോക്കും പട്ടാളക്കാരുടെ ഹെല്‍മറ്റും സ്ഥാപിച്ചിട്ടുണ്ട്. അതിനുമുകളില്‍ കുടയും.
കല്ലറ വരകുകാലായില്‍ തോമസ് -മറിയാമ്മ ദമ്പതികളുടെ 5 മക്കളില്‍ മൂത്തയാളായിരുന്ന ഔസേപ്പ് 1971 ലെ ഇന്തോ - പാക്ക് യുദ്ധത്തിനിടെയാണ് വിരമൃത്യു പ്രാപിക്കുന്നത്. ഡിസംബര്‍ 15ന് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. മരിക്കുമ്പോള്‍ 22 വയസായിരുന്നു. ചെരുവുപറമ്പില്‍ കുഞ്ഞുപണിക്കന്‍ കല്യാണിക്കുട്ടി ദമ്പതികളുടെ 10 മക്കളില്‍ മൂന്നാമനായ സി.കെ.സുദര്‍ശനന്‍ 1961ലാണ് പട്ടാളത്തില്‍ ചേരുന്നത്.
ആ കാലഘട്ടത്തില്‍ മറ്റ് ജോലികളൊന്നും ലഭിക്കാതെ വന്ന സാഹചര്യത്തില്‍ കല്ലറയിലും പരിസരപ്രദേശങ്ങളിലുമുള്ള ധാരാളം പേര്‍ പട്ടാളത്തില്‍ ചേര്‍ന്നിരുന്നു. ആര്‍മി മദ്രാസ് റജിമെന്റില്‍ ശിപായി ആയി സേവനമാരംഭിച്ച സുദര്‍ശനന്‍ തന്റെ ഇരുപത്തി മൂന്നാം വയസില്‍ ഇന്തോ-പാക്ക് യുദ്ധത്തിനിടെ 1965 ഒക്ടോബര്‍ 1ന് പൂഞ്ച് ഏരിയായില്‍ വെച്ചാണ് വീരചരമമടഞ്ഞത്.
നല്ലൊരു വോളിബോള്‍ കളിക്കാരന്‍ കൂടിയായിരുന്ന സുദര്‍ശനന്റെ സ്മരണ നിലനിര്‍ത്തുന്നതിന് 1973ല്‍ കല്ലറയില്‍ ആരംഭിച്ച അഖിലകേരള വോളിബോള്‍ ടൂര്‍മെന്റ് നാല് വര്‍ഷത്തിനു ശേഷം നിലച്ചു. പിന്നീട് പുതു തലമുറയ്ക്ക് ഇവര്‍ അറിയപ്പെടാത്തവരായി. എന്നാല്‍ രാജ്യത്തിനായി വീരമൃത്യു വരിച്ച തങ്ങളുടെ സഹപ്രവര്‍ത്തകരും മുന്‍ഗാമികളുമായ ഇരുവര്‍ക്കും വേണ്ടി ഒരു സ്മാരകം നിര്‍മിക്കണമെന്ന് വിമുക്തഭടന്മാരുടെ സംഘടനയായ കേരളാ സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ് ലീഗ് കല്ലറ യുനിറ്റിലെ അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."