റയല്‍, ടോട്ടനം, സിറ്റി പ്രീ ക്വാര്‍ട്ടറില്‍
മൊണാക്കോ പുറത്ത്
നിക്കോഷ്യ: നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ്, ടോട്ടനം ഹോട്‌സ്പര്‍, മാഞ്ചസ്റ്റര്‍ സിറ്റി, ബെസിക്റ്റസ് ടീമുകള്‍ യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഷാക്തര്‍ ഡൊനെട്‌സ്‌ക്, പോര്‍ട്ടോ, സെവിയ്യ, ലിവര്‍പൂള്‍ ടീമുകള്‍ അടുത്ത ഘട്ടമുറപ്പിക്കാന്‍ കാത്തിരിക്കണം. കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായഫ്രഞ്ച് ടീം മൊണാക്കോ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. റയല്‍ മാഡ്രിഡ് മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് അപോയല്‍ നിക്കോഷ്യയെ കീഴടക്കിയപ്പോള്‍ ടോട്ടനം 2-1ന് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ വീഴ്ത്തി. മാഞ്ചസ്റ്റര്‍ സിറ്റി 1-0ത്തിന് ഫെയനൂര്‍ദിനേയും ലെയ്പ്‌സിഗ് 4-1ന് മൊണാക്കോയേയും നാപോളി 3-0ത്തിന് ഷാക്തര്‍ ഡൊനെട്‌സ്‌കിനേയും പരാജയപ്പെടുത്തി. സെവിയ്യ 3-3 ലിവര്‍പൂള്‍, ബെസിക്റ്റസ് 1-1 പോര്‍ട്ടോ, സ്പാര്‍ടക് മോസ്‌കോ 1-1 മരിബൊര്‍ മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനക്കാരായാണ് ടോട്ടനം നോക്കൗട്ട് ഘട്ടമുറപ്പാക്കിയത്. റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായാണ് അവസാന 16ല്‍ എത്തിയത്.
ഫോമിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രഞ്ച് താരം കരിം ബെന്‍സെമ എന്നിവരുടെ ഇരട്ട ഗോള്‍ മികവാണ് റയലിന്റെ വിജയം അനായാസമാക്കിയത്. 23ാം മിനുട്ടില്‍ ലൂക മോഡ്രിച്ചാണ് റയലിന്റെ ഗോളടിക്ക് തുടക്കമിട്ടത്. 39ാം മിനുട്ടില്‍ ബെന്‍സെമ രണ്ടാം ഗോളും 41ാം മിനുട്ടില്‍ നാച്ചോ മൂന്നാം ഗോളും നേടി. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ തന്റെ രണ്ടാം ഗോള്‍ വലയിലാക്കി ബെന്‍സെമ റയലിന്റെ ലീഡ് നാലാക്കി ഉയര്‍ത്തി ഇടവേളയ്ക്ക് പിരിഞ്ഞു. രണ്ടാം പകുതി തുടങ്ങി നാല് മിനുട്ട് പിന്നിട്ടപ്പോള്‍ ക്രിസ്റ്റ്യാനോ റയലിന്റെ പട്ടിക അഞ്ചാക്കി. 54ാം മിനുട്ടില്‍ താരം വീണ്ടും വല ചലിപ്പിച്ച് റയലിന്റെ സ്‌കോര്‍ ആറിലെത്തിച്ചു.
ബൊറൂസിയ ഡോര്‍ട്മുണ്ടിനെ അവരുടെ തട്ടകത്തില്‍ 2-1ന് കീഴടക്കിയാണ് ടോട്ടനം ഹോട്‌സ്പര്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ടോട്ടനം തിരിച്ചുവരവ് നടത്തിയത്. കളിയുടെ 31ാം മിനുട്ടില്‍ ഔബമേയങാണ് ബൊറൂസിയക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ രണ്ടാം പകുതി തുടങ്ങി 49ാം മിനുട്ടില്‍ ഹാരി കെയ്‌നിലൂടെ ടോട്ടനം സമനില പിടിച്ചു. 76ാം മിനുട്ടില്‍ സന്‍ ഹ്യുങ് മിന്‍ ടോട്ടനത്തെ വിജയ തീരത്തേക്കും നയിച്ചു.
കളിയുടെ അവസാന നിമിഷത്തില്‍ റഹിം സ്റ്റെര്‍ലിങ് നേടിയ ഏക ഗോളില്‍ ഫെയനൂര്‍ദിനെതിരേ വിജയം പിടിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തിലെ പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി അവസാന 16ല്‍ സ്ഥാനമുറപ്പിച്ചത്. അഞ്ചില്‍ അഞ്ച് മത്സരവും വിജയിച്ച് സീസണിലെ അപരാജിത കുതിപ്പ് ഉറപ്പാക്കിയാണ് പെപ് ഗെര്‍ഡിയോളയും സംഘവും പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. കളിയുടെ മുക്കാല്‍ സമയത്തും സിറ്റിയെ ഗോളടിപ്പിക്കാതെ ഫെയനൂര്‍ദ് പിടിച്ചെങ്കിലും 88ാം മിനുട്ടില്‍ ഇല്‍കെ ഗുണ്ടഗന്റെ പാസില്‍ നിന്ന് സ്റ്റെര്‍ലിങ് ടീമിന്റെ നിര്‍ണായക ഗോള്‍ നേടുകയായിരുന്നു.
ആദ്യ പകുതിയില്‍ മൂന്ന് ഗോള്‍ ലീഡ് നേടിയിട്ടും രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ വഴങ്ങി വിജയിച്ച മത്സരം ലിവര്‍പൂളിന് സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്നു. സ്പാനിഷ് ടീം സെവിയ്യക്കെതിരേയാണ് പ്രതിരോധത്തിലെ പിഴവിലൂടെ ലിവര്‍പൂള്‍ സമനില വഴങ്ങിയത്. റോബര്‍ട്ട് ഫിര്‍മിനോയുടെ ഇരട്ട ഗോള്‍ മികവിലാണ് ലിവര്‍പൂള്‍ അദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ എതിരാളിയുടെ വലയില്‍ നിക്ഷേപിച്ചത്. എന്നാല്‍ ബെന്‍ യെഡ്ഡറിന്റെ ഇരട്ട ഗോളുകളിലൂടെ മറുപടി നല്‍കിയ സെവിയ്യ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ നാടകീയമായി സമനില ഗോള്‍ നേടുകയായിരുന്നു. ഗ്യുഡോ പിസറോ ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലാണ് സെവിയ്യയുടെ സമനില. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ ഫിര്‍മിനോ വല ചലിപ്പിച്ചു. 22ാം മിനുട്ടില്‍ സാദിയോ മാനെ ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി. 30ാം മിനുട്ടില്‍ ഫിര്‍മിനോ വീണ്ടും ഗോള്‍ നേടി ടീമിന്റെ ലീഡ് മൂന്നിലേക്ക് ഉയര്‍ത്തി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ലിവര്‍പൂള്‍ 3-0ത്തിന് മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ കഥ മാറി. ലിവര്‍പൂളിന്റെ പ്രതിരോധം അമ്പേ പാളിപ്പോയത് സെവിയ്യ മുതലാക്കി. 51ാം മിനുട്ടില്‍ ബെന്‍ യെഡ്ഡെര്‍ ആദ്യ ഗോള്‍ മടക്കി. 60ാം മിനുട്ടില്‍ സെവിയ്യക്ക് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത യെഡ്ഡര്‍ തന്റെ രണ്ടാം ഗോളിലൂടെ ലീഡ് കുറച്ചു. കളി മൂന്ന് മിനുട്ട് ഇഞ്ച്വറി ടൈമിലേക്ക് നീണ്ട ഘട്ടത്തില്‍ പിസറോയുടെ നിര്‍ണായക ഗോളില്‍ സെവിയ്യ സമനില പിടിക്കുകയായിരുന്നു. ഇരു ടീമുകള്‍ക്കും നോക്കൗട്ട് സാധ്യത നിലനില്‍ക്കുന്നതിനാല്‍ അടുത്ത മത്സരത്തിലെ ഫലമാകും ഒന്നും രണ്ടും സ്ഥാനക്കാരെ നിര്‍ണയിക്കുക. സ്വന്തം തട്ടകത്തില്‍ അവിശ്വസനീയ തോല്‍വി വഴങ്ങിയാണ് കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ മൊണാക്കോ പുറത്തേക്കുള്ള വഴി കണ്ടത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിജയം പോലുമില്ലാതെയാണ് നിലവിലെ ഫ്രഞ്ച് ചാംപ്യന്‍മാര്‍ നാണംകെട്ട് മടങ്ങുന്നത്. 4-1ന് മൊണാക്കോയെ കീഴടക്കിയെങ്കിലും ലെയ്പ്‌സിഗിന് നോക്കൗട്ടിലേക്ക് വിദൂര സാധ്യതയേ ഉള്ളു. ഗ്രൂപ്പ് ജിയില്‍ പോര്‍ട്ടോ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇരു ടീമുകള്‍ക്കും തുല്ല്യ പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പോര്‍ട്ടോ ബഹുദൂരം മുന്നില്‍. അടുത്ത മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകം.
ഗ്രൂപ്പ് ജിയില്‍ ബെസിക്റ്റസിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശമാണ് ശ്രദ്ധേയം. പോര്‍ട്ടോയെ 1-1ന് സമനിലയില്‍ തളച്ചാണ് അവര്‍ ഒന്നാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് കടന്നത്. ആദ്യമായാണ് അവര്‍ ചാംപ്യന്‍സ് ലീഗിന്റെ അവസാന പതിനാറില്‍ സ്ഥാനമുറപ്പിക്കുന്നത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം 41ാം മിനുട്ടില്‍ ടെലിസ്‌ക്ക നേടിയ ക്ലോസ്‌റേഞ്ച് ഷോട്ട് ഗോളിന്റെ മികവില്‍ മത്സരം ഒപ്പമെത്തിച്ചാണ് തുര്‍ക്കി ചാംപ്യന്‍മാര്‍ ചരിത്രത്തിലാദ്യമായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."