സഅദ് അല്‍ ഹരീരി രാജി പിന്‍വലിച്ചു
പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ച് രാജി താല്‍ക്കാലികമായി നീട്ടിവയ്ക്കുകയാണെന്ന് ഹരീരി
ബെയ്‌റൂത്ത്: രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ലെബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി തന്റെ രാജി പിന്‍വലിച്ചു. കഴിഞ്ഞ നാലിനു സഊദിയില്‍വച്ച് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച ഹരീരി, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രാന്‍സ് സന്ദര്‍ശിച്ച് അവിടെനിന്നാണ് ലെബനാനില്‍ തിരിച്ചെത്തിയത്.
പാരീസില്‍നിന്നു ചൊവ്വാഴ്ച ബെയ്‌റൂത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഇന്നലെയാണ് രാജി താല്‍ക്കാലികമായി പിന്‍വലിച്ചത്. താന്‍ പ്രസിഡന്റിനു രാജി സമര്‍പ്പിച്ചെന്നും തീരുമാനം പിന്‍വലിക്കാനും ചര്‍ച്ചകള്‍ക്കു തയാറാകാനും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചു രാജി തീരുമാനം നീട്ടിവയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കുമായി പ്രസിഡന്റിനൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചു. എല്ലാത്തിനും മുകളില്‍ ലെബനാന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ പാര്‍ട്ടികളുമായും സഹകരിക്കുമെന്ന് ഹരീരി അറിയിച്ചു. പ്രസിഡന്റ് മൈക്കല്‍ ഔണുമായി ബെയ്‌റൂത്തില്‍ ചര്‍ച്ച നടത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധനം ചെയ്തു. രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യദിന പരിപാടിയിലും മറ്റു നേതാക്കളോടൊപ്പം അദ്ദേഹം പങ്കെടുത്തു.
സഊദി അറേബ്യയില്‍വച്ച് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച ഹരീരി അവിടെ വീട്ടുതടങ്കലിലാണെന്നു വാര്‍ത്തകളുണ്ടായിരുന്നു. ഇറാനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയായിരുന്നു ഹരീരിയുടെ രാജി. ലെബനാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടുന്നെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയ്‌ക്കെതിരേയും രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. രാജ്യത്തെ നിയന്ത്രിക്കുന്നതു ഹിസ്ബുല്ലയാണെന്നും രാജ്യത്തിനകത്തെ മറ്റൊരു രാജ്യമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹരീരി കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."