സിംബാബ്‌വെയില്‍ ഏകാധിപത്യത്തിന് അന്ത്യം മുഗാബെയ്ക്ക് 'ബൈ'
ഹരാരെ: 1980 ഏപ്രില്‍ 18നാണ് ബ്രിട്ടീഷ് ഭരണത്തില്‍നിന്നു സിംബാബ്‌വെ എന്ന ആഫ്രിക്കന്‍ രാജ്യം സ്വതന്ത്രമായത്. തുടര്‍ന്നു ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സാനു പി.എഫ് പാര്‍ട്ടി അധികാരത്തിലെത്തി. അവരുടെ നേതാവ് 56കാരനായ റോബര്‍ട്ട് മുഗാബെ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
എന്നാല്‍, അന്നുമുതല്‍ സിംബാബ്‌വെ ഏകാധിപത്യത്തിലേക്കു വഴിമാറുകയായിരുന്നു. തികച്ചും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, രാജ്യത്തെ തന്റെ കാല്‍ക്കീഴിലാക്കി ഭരിച്ചു. എതിര്‍സ്വരം പ്രകടിപ്പിച്ചവരെ അടിച്ചൊതുക്കി.
നിരവധി തവണ രാജ്യത്തു ഭരണവിരുദ്ധ അല്ലെങ്കില്‍ മുഗാബെ വിരുദ്ധ വികാരമുണ്ടായെങ്കിലും എതിര്‍ ശബ്ദമുയര്‍ത്തിയവരെ ഒതുക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ലോകത്ത് അറിയപ്പെട്ട ദരിദ്ര രാജ്യമാണ് സിംബാബ്‌വെയെങ്കിലും അവിടത്തെ ഭരണപ്രമുഖരുടെ കുടുംബങ്ങളുടെ ജീവിതം അങ്ങേയറ്റം ആഢംബരപരമായിരുന്നു. എന്നാല്‍, ജനങ്ങള്‍ ഭൂരിഭാഗവും പട്ടിണിയിലും.
2008ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മുഗാബെയ്‌ക്കെതിരേ മത്സരിച്ച മോര്‍ഗാന്‍ സാന്‍ഗിരായ് ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഭീഷണിയും അക്രമങ്ങളും കാരണം രണ്ടാംഘട്ട വോട്ടെടുപ്പില്‍നിന്ന് അദ്ദേഹം വിട്ടുനിന്നു. തുടര്‍ന്നു മുഗാബെയുമായുണ്ടാക്കിയ ധാരണപ്രകാരം പ്രധാനമന്ത്രിയായ അദ്ദേഹത്തിനും കുടുംബത്തിനും നേരെ 2009ല്‍ ആക്രമണം നടന്നു. സംഭവത്തില്‍ അദ്ദേഹം രക്ഷപ്പെട്ടെങ്കിലും ഭാര്യ കൊല്ലപ്പെട്ടതോടെ ഒതുങ്ങിയിരുന്ന സാന്‍ഗിരായ്, കഴിഞ്ഞയാഴ്ച സൈന്യം അധികാരം പിടിച്ചെടുത്തതോടെ തിരിച്ചെത്തിയിരുന്നു.
നിലവില്‍ വൈസ് പ്രസിഡന്റായിരുന്ന എമേഴ്‌സണ്‍ മാന്‍ഗ്വാഗയെ പുറത്താക്കി തന്റെ ഭാര്യ ഗ്രേസിനെ ആ സ്ഥാനത്ത് അവരോധിക്കാനായിരുന്നു മുഗാബെയുടെ നീക്കം. മുഗാബെയ്ക്കു ശേഷം പ്രസിഡന്റാകാനുള്ള ഗ്രേസിന്റെ ഈ നീക്കങ്ങളില്‍ പാര്‍ട്ടിയില്‍തന്നെ അഭിപ്രായഭിന്നത ശക്തമായിരുന്നു. എന്നാല്‍, തന്റെ ആഗ്രഹം തുറന്നുപ്രകടിപ്പിച്ച് ഗ്രേസ് രംഗത്തെത്തുകയും ചെയ്തു. അതോടെയാണ് എമേഴ്‌സനും സുഹൃത്തായ സൈനിക തലവന്‍ കോണ്‍സ്റ്റാന്റിനോ ഷിവങ്കയും സൈനിക അട്ടിമറി ആസൂത്രണം ചെയ്തതെന്നാണ് നിഗമനം. ഈ കരുനീക്കത്തില്‍ 37 വര്‍ഷം സിംബാബ്‌വെയെ അടക്കിഭരിച്ച മംുഗാബെയ്ക്ക് അടിതെറ്റുകയായിരുന്നു.
തന്റെ 56ാം വയസുമുതല്‍ 93ാം വയസുവരെ രാജ്യത്തിന്റെ പരമാധികാരിയായ വാണ റോബര്‍ട്ട് മുഗാബെയെ, ഒടുക്കം പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റും സൈന്യവും ചേര്‍ന്നു ചെവിക്കുപിടിച്ചു പുറത്താക്കി. വഴങ്ങാതെ കടിച്ചുതൂങ്ങിയപ്പോള്‍ സ്വന്തം പാര്‍ട്ടി പുറത്താക്കി. ഇതിനും വഴങ്ങാത്തപ്പോള്‍ ഇംപീച്ച്‌മെന്റിലേക്കും നീങ്ങിയതോടെ ഗത്യന്തരമില്ലാതെ മുഗാബെ രാജി പ്രഖ്യാപിക്കുകയായിരുന്നു, പാര്‍ലമെന്റിനു മുന്നില്‍ തടിച്ചുകൂടിയ ജനം ഈ പ്രഖ്യാപനം കേട്ടു കൈയടിച്ചു സന്തോഷിച്ചു. മുഗാബെയെ അവരെത്രമാത്രം സഹിക്കുകയായിരുന്നെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്നു വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."