പഞ്ച്ഗുളയിലെ സഹോദരങ്ങളുടെ കൊല: പിതാവിന്റെ പരസ്ത്രീ ബന്ധം മൂലമെന്ന് മുത്തശ്ശി
കുരുക്ഷേത്ര(ചണ്ഡീഗഡ്): മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരിലാണ് സഹോദരങ്ങളായ മൂന്ന് കുട്ടികളെ കൊന്നതെന്ന് കേസിലെ പ്രതിയും കുട്ടികളുടെ പിതാവുമായ സോനുമാലിക്കിന്റെ മാതാവ് ധനോദേവി. ഇത്രയും വലിയ ക്രൂര കൃത്യം ചെയ്തവന് പരമാവധി ശിക്ഷ നല്‍കണമെന്നും അവര്‍ പറഞ്ഞു.
സോനുവിന് ഹിമാചലിലെ മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ആരോ എന്നോട് പറഞ്ഞിരുന്നു. അവര്‍ സ്ഥിരമായി കൈതാളിലെ സോനുവിന്റെ കടയില്‍ വരാറുള്ളതായും ഞാന്‍ അറിഞ്ഞിരുന്നു. ഈ കാരണം കൊണ്ട് അവന് എന്റെ മൂന്ന് പേരക്കുട്ടികളെയും കൊല്ലുമെന്ന് കരുതിയില്ല- ധനോദേവി പറഞ്ഞു. സോനുവിന്റെ മുഖം പോലും കാണണ്ടെന്നായിരുന്നു പിതാവ് ജീതാ മാലിക്കിന്റെ പ്രതികരണം.
സംഭവത്തിന് ശേഷം സോനുവിന്റെ ഭാര്യ സുമന്(30) അബോധാവസ്ഥയിലാണ്. മുറിക്ക് പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ അവര്‍ കൂട്ടാക്കുന്നില്ലെന്നും ധനോ ദേവി പറഞ്ഞു.
അതേസമയം സോനു മാലിക്കും ഭാര്യയും സമാധാനപരമായി ജീവിതം നയിച്ചിരുന്നവരാണെന്നും ഇരുവരും ഒരിക്കലും വഴക്ക് കൂടുന്നത് പോലും കണ്ടിട്ടില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. കുട്ടികളുടെ കാര്യവുമായി സുമം വീട്ടില്‍ എപ്പോഴും തിരക്കിലായിരിക്കും. അവരുടെ മക്കള്‍ മിടുക്കരായിരുന്നുവെന്നും അവര്‍ പറഞ്ഞു.
കുട്ടികളുടെ കൊലപാതകം ഗ്രാമീണരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് പഞ്ച്ഗുളയില്‍ സഹോദരങ്ങളായ സമീര്‍, സിമ്രാന്,സമര് എന്നിവരെ പിതാവ് സോനു മാലിക്കും അമ്മാവന് ജഗ്ദീപ് സിങും ചേര്‍ന്ന് വെടിവെച്ച് കൊന്നത്. കൃത്യം നടത്തിയശേഷം മൃതദേഹങ്ങള്‍ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."