പാലക്കാട് കരുണ മെഡി. കോളജില്‍ 4.68 ലക്ഷം ഫീസ്
തിരുവനന്തപുരം: പാലക്കാട് കരുണ സ്വാശ്രയ മെഡിക്കല്‍ കോളജിലെ 2017- 18 വര്‍ഷത്തെ വാര്‍ഷിക ഫീസ് 4.68 ലക്ഷം രൂപയായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചു.
താല്‍ക്കാലിക ഫീസായ അഞ്ച് ലക്ഷത്തില്‍നിന്ന് 32,000 രൂപ കുറയ്ക്കുകയായിരുന്നു. കോളജ് പല ഘട്ടങ്ങളായി നല്കിയ വരവുചെലവ് കണക്ക് പരിശോധിച്ച് 85 ശതമാനം സീറ്റുകളിലേക്കുള്ള ഫീസാണ് മേല്‍നോട്ട സമിതി നിശ്ചയിച്ചത്.
15 ശതമാനം എന്‍.ആര്.ഐ സീറ്റില്‍ നേരത്തേ നിശ്ചയിച്ച 20 ലക്ഷം രൂപ തുടരും. എന്‍.ആര്.ഐ ഫീസില്‍ ഇത്തവണ വര്‍ധിപ്പിക്കുന്ന തുക മെറിറ്റിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പായി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇതിനെതിരേ ചില മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ചതിനാല്‍ എന്‍.ആര്.ഐ ഫീസ് സംബന്ധിച്ച ഉത്തരവ് എല്ലാ കോളജുകള്‍ക്കുമായി ഒന്നിച്ച് ഇറക്കിയാല്‍ മതിയെന്ന തീരുമാനത്തില്‍ മേല്‍നോട്ട സമിതി എത്തുകയായിരുന്നു.
കരുണയില്‍ കഴിഞ്ഞവര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഫീസും നിശ്ചയിച്ചിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച മേല്‍നോട്ട സമിതി 4.05 ലക്ഷമായി ഫീസ് നിജപ്പെടുത്തി. കഴിഞ്ഞ വര്‍ഷം വാര്‍ഷിക ഫീസായി 7.45 ലക്ഷം രൂപയാണ് മാനേജ്മെന്റ് ഈടാക്കിയിരുന്നത്.
കുട്ടികളില്‍നിന്ന് ഈടാക്കിയ അധിക തുക തിരിച്ചുനല്‍കുകയോ രണ്ടാംവര്‍ഷ ഫീസില്‍ വരവുവയ്ക്കുകയോ വേണമെന്നും മേല്‍നോട്ട സമിതി അറിയിച്ചു. ഇതോടെ മേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ച സ്വാശ്രയ കോളജുകളുടെ എണ്ണം ആറ് ആയി. രണ്ടു കോളജുകളുടെ ഫീസ് കൂടി ഈ മാസം നിശ്ചയിക്കും.
ബാക്കി മുഴുവന്‍ കോളജുകളുടെയും ഫീസ്നിര്ണയം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മേല്‍നോട്ട സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ആര്. രാജേന്ദ്രബാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."