സ്ഥിരോത്സാഹമാണ് വിജയമാര്‍ഗം
ക്രിയാത്മകമായി ഇടപെടാനും നിശ്ചയദാര്‍ഢ്യത്തോടെ കാര്യങ്ങളെ സമീപിക്കാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. തന്റെ ചുറ്റുപാടുകളില്‍ ആവശ്യമാകുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ കഴിവുകള്‍ നല്‍കിയാണ് അല്ലാഹു മനുഷ്യനെ പ്രതിനിധിയെന്നോണം സൃഷ്ടിക്കുകയും നിയോഗിക്കുകയും ചെയ്തിട്ടുള്ളത്. നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ പരിസരങ്ങള്‍ സജീവമാക്കാനും കര്‍മസാക്ഷ്യംകൊണ്ടു ജീവിതം അടയാളപ്പെടുത്താനുമുള്ള മനുഷ്യദൗത്യത്തിലേയ്ക്കു വെളിച്ചം പകരുന്നുണ്ട് ഉപര്യുക്ത ഖുര്‍ആന്‍ വചനം.
കര്‍മങ്ങളെ ഫലവത്താക്കുന്നതിലാണ് അല്ലാഹുവിന്റെ ഇഷ്ടമെന്ന നബിവചനം (ബൈഹഖി) കൂടി ഇതോടൊപ്പം ചേര്‍ത്തു മനസ്സിലാക്കുമ്പോഴാണു കര്‍മവീഥിയില്‍ തരണംചെയ്യേണ്ടിവരുന്ന പ്രതിസന്ധികളെ തൃണവല്‍ഗണിക്കാനുള്ള ഊര്‍ജവും ആര്‍ജവവും ഉണ്ടാകുന്നത്. ഒരു ആദര്‍ശത്തെ മുന്‍നിര്‍ത്തി ആത്മവിശ്വാസത്തോടെയും സ്ഥിരോത്സാഹത്തോടെയും കര്‍മനിരതനാകുമ്പോള്‍ വിജയം കൂട്ടിനെത്തും. സത്യത്തിലും പരോപകാരത്തിലും വീരകൃത്യങ്ങളിലും മനസ്സുടക്കി ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ അതു വൃഥാവിലാവില്ല.
വൈതരണികളും വൈഷമ്യങ്ങളും ഏറെയാണെന്നതു ദൗത്യമേല്‍ക്കുന്നതിനും നിര്‍വഹിക്കുന്നതിനും വിഘ്‌നമായിക്കൂടാ. പ്രവാചകന്‍(സ) പറഞ്ഞുവല്ലോ; 'സ്വര്‍ഗം വൈഷമ്യങ്ങളാല്‍ വലയപ്പെട്ടിരിക്കുന്നു, നരകം മോഹങ്ങളാലും' (മുസ്‌ലിം). ആശകളും കാമനകളും മാറ്റിവച്ചു ലക്ഷ്യസാഫല്യത്തിനായി കരുത്തോടെയും മനോബലത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മുന്നേറുന്നിടത്താണു വിജയം സ്വര്‍ഗവാതിലുകള്‍ തുറക്കുക. 'നിശ്ചയം എളുപ്പം പ്രയാസത്തിന്റെ സഹചാരിയാണെ'ന്നു വിശുദ്ധ ഖുര്‍ആന്‍ അശര്‍ഹ് അധ്യായം ആവര്‍ത്തിച്ച് ആണയിടുന്നതു വിസ്മരിച്ചുകൂടാ.
വിശുദ്ധ ഇസ്‌ലാമിനെ പ്രവാചകര്‍ (സ) ലോകജനതയ്ക്ക് എങ്ങനെ സമര്‍പ്പണം ചെയ്തുവെന്നതില്‍ നമുക്കു വലിയ പാഠമുണ്ട്. അതിനുവേണ്ടി പ്രവാചകന്‍ (സ)സഹിച്ച ത്യാഗങ്ങള്‍ എത്ര വലുതായിരുന്നു. നീണ്ട 13 വര്‍ഷക്കാലം തന്റെ ജന്മനാട്ടില്‍നിന്ന് കൊടിയ മര്‍ദനങ്ങള്‍ സഹിച്ചാണു 53 ാം വയസ്സില്‍ നാടും വീടുമുപേക്ഷിച്ചു മദീനയിലേയ്ക്കു പലായനം ചെയ്യുന്നത്. പ്രവാചകനെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും ഖുറൈശികള്‍ ആക്രമിച്ചു.
കുടുംബബന്ധം വിച്ഛേദിച്ചു. ശിഅ്ബ് അബീതാലിബില്‍ മൂന്നുവര്‍ഷക്കാലം ഉപരോധിച്ചു. ഇലകളും പുല്ലുകളും മാത്രം ഭക്ഷിച്ച് അക്കാലയളവില്‍ സഹനശീലരായി അവര്‍ കഴിച്ചുകൂട്ടി. അചഞ്ചലമായ ആത്മധൈര്യത്തോടെ പ്രവാചകന്‍ (സ) ദൗത്യം നിര്‍വഹിച്ചു. ലോകത്തോട് വിടപറയും മുന്‍പു ജനം കൂട്ടംകൂട്ടമായി ആ മതം വാരിപ്പുണരുന്ന അവസ്ഥയിലേയ്ക്കു കാര്യങ്ങള്‍ മാറ്റിയെടുത്തു.
അനസ്ബിന്‍ മാലിക് (റ) പറയുന്നു: 'ഞാന്‍ പ്രവാചകന്‍ (സ)യുടെ കൂടെ നടക്കുകയായിരുന്നു. വക്കുകട്ടിയുള്ള നജ്‌റാനി പുതപ്പാണു തങ്ങള്‍ പുതച്ചിരുന്നത്. വഴിയില്‍ക്കണ്ട ഒരു ഗ്രാമീണന്‍ തങ്ങളുടെ പുതപ്പു പിടിച്ചു ശക്തിയില്‍ വലിച്ചു. അയാളുടെ വലിയുടെ ശക്തിയാല്‍ പൂമേനിയുടെ ചുമലില്‍ പുതപ്പിന്റെ വക്കു പാടുവീഴ്ത്തിയതായി ഞാന്‍ കണ്ടു.'
ആ ഗ്രാമീണന്‍ പറയുന്നു: 'മുഹമ്മദേ, അല്ലാഹു നിനക്കു നല്‍കിയ ധനത്തില്‍നിന്ന് എനിക്കും തരാന്‍ പറ.'
തിരുദൂതന്‍ (സ) അയാളിലേയ്ക്കു തിരിഞ്ഞുനോക്കി. ചിരിച്ചു, അയാള്‍ക്കു വേണ്ടതു നല്‍കാന്‍ ആജ്ഞാപിച്ചു. (ബുഖാരി, മുസ്‌ലിം)
പ്രയോജനപ്രദങ്ങളായ ഒട്ടുവളരെ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട് ഈ സംഭവം. ആളുകള്‍ നമ്മോടെങ്ങനെ ഇടപെടട്ടെ. അതു നമ്മുടെ ഇടപെടലുകളെ സ്വാധീനിക്കരുത്. ലക്ഷ്യവും ദൗത്യവുമാണു നമ്മെ തീരുമാനിക്കേണ്ടത്. അതിന് അനുസൃതമാവണം നമ്മുടെ ഇടപെടലുകള്‍.
തൊഴിലാളി തന്റെ ജോലിയെന്താണെന്നാണു നോക്കേണ്ടത്. തൊഴിലുടമ തന്നോട് എങ്ങനെ വര്‍ത്തിക്കുന്നുവെന്നതു അയാളുടെ കൃത്യനിര്‍വഹണത്തിനു വിഘാതമാവരുത്. ജഡ്ജി, ഡോക്ടര്‍, എന്‍ജിനീയര്‍, അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍, പള്ളി ഇമാം, പട്ടാളക്കാരന്‍, പൊലിസ് തുടങ്ങി എല്ലാ ഉദ്യോഗസ്ഥരും രാജ്യത്തിന്റെ നിര്‍മാണപ്രക്രിയയിലാണു പങ്കാളികളാകുന്നത്. വ്യവസായി മുതല്‍ ശുചീകരണത്തൊഴിലാളിവരെ സമൂഹസേവനത്തിനും ജനനന്മയ്ക്കുമാണു സേവനം ചെയ്തുകൊണ്ടിരിക്കുന്നത്.
നല്ല സമൂഹം രൂപപ്പെടുന്നത് അതിലെ അംഗങ്ങളാകുന്ന വ്യക്തികളും അവര്‍ രൂപം നല്‍കുന്ന മിനി സമൂഹങ്ങളാകുന്ന കുടുംബങ്ങളും ഏതാനും കുടുംബങ്ങളുടെ കൂട്ടായ്മയാകുന്ന പ്രദേശങ്ങളും അത്തരം പ്രദേശങ്ങളുടെ സമന്വയമാകുന്ന രാജ്യവും നന്മയില്‍ ഐക്യപ്പെടുമ്പോഴാണ്. അതിനാല്‍ ഓരോ വ്യക്തിയും അവരവരുടെ ദൗത്യം ഉള്‍ക്കൊള്ളുകയും വിലോപമില്ലാതെ അതു പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
മാതാപിതാക്കള്‍ കുടുംബജീവിതത്തിലെ ബാധ്യത നിര്‍വഹിക്കണം. കുടുംബ ഭദ്രതയ്ക്കും സന്താനങ്ങളുടെ സ്വഭാവരൂപീകരണത്തിനും ജീവിതവിജയത്തിന്റെ സാഫല്യത്തിനും വേണ്ടി കരുതലോടെ കരുക്കള്‍ നീക്കണം. ഓരോരുത്തര്‍ക്കും അവരുടേതായ ഉത്തരവാദിത്വമുണ്ട്.
നബി(സ) പറഞ്ഞു: 'പുരുഷന്‍ തന്റെ കുടുംബത്തിലെ ഭരണാധികാരിയാണ്. അവന്‍ തന്റെ പ്രജകളെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുന്നതാണ്. സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ വീട്ടിലെ രാജ്ഞിയാണ്. അവളും തന്റെ ഭരണീയരുടെ കാര്യത്തില്‍ ചോദ്യംചെയ്യപ്പെടുന്നതാണ്.' (ബുഖാരി, മുസ്‌ലിം).
മനഃസാന്നിധ്യവും ആത്മസമര്‍പ്പണവുമുണ്ടെങ്കില്‍ മനുഷ്യനു വലിയദൗത്യങ്ങള്‍ നിര്‍വഹിക്കാനാകും എന്നതിനു മികച്ച ഉദാഹരണങ്ങളാണു പ്രവാചക(സ)നും സ്വഹാബാക്കളും. അലസതയും അലംഭാവവും അവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല.
സൈദ്ബിന്‍ സാബിത് (റ) പറയുന്നു. എന്നോട് അബൂബക്കര്‍(റ) പറഞ്ഞു: 'സൈദ് ബിന്‍ സാബിതേ, നിങ്ങള്‍ യുവാവാണ്. ബുദ്ധിമാനാണ്. തിരുദൂതര്‍ (സ)ക്കുവേണ്ടി വഹ്‌യ് എഴുതിയിരുന്ന ആളാണ്. അതിനാല്‍ താങ്കള്‍ ഖുര്‍ആന്‍ സൂക്ഷ്മാന്വേഷണം നടത്തി സമാഹരിക്കണം.'
സൈദ് (റ) പറയുന്നു: അല്ലാഹുവാണേ, ഏതെങ്കിലും പര്‍വതം നീക്കം ചെയ്യാനാണ് എന്നോട് ആജ്ഞാപിക്കപ്പെട്ടിരുന്നതെങ്കില്‍ ഖുര്‍ആന്‍ സമാഹരിക്കാനുള്ള ദൗത്യത്തേക്കാള്‍ പ്രയാസമാകുമായിരുന്നില്ല. എന്നിട്ടും ഞാന്‍ ഖുര്‍ആന്‍ സൂക്ഷ്മമായി തേടിയിറങ്ങി. ഈന്തപ്പനയോലകളില്‍നിന്നും പാറച്ചീളുകളില്‍നിന്നും ജനഹൃദയങ്ങളില്‍നിന്നും ഞാനതു സമാഹരിച്ചു. (ബുഖാരി)
അദ്ദേഹം ചെയ്ത മഹാത്യാഗത്തിന്റെ ഫലമായി അല്ലാഹുവിന്റെ വചനധാര നിഷ്പ്രയാസം നമുക്ക് ഉപയോഗപ്പെടുത്താനാവുന്നു. നാം ഇന്നനുഭവിക്കുന്ന ഏതു നന്മയാണു നമ്മുടെ മുന്‍ഗാമികളുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ബാക്കിപത്രങ്ങളല്ലാത്തതായി ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."