സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കൊപ്പം- രമേശ് ചെന്നിത്തല
ആലപ്പുഴ: പൊതു സ്വത്തിനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കാനുള്ള തീരുമാനം ജോയ്‌സ് ജോര്‍ജ് എം.പിയെ സഹായിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജപട്ടയം സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയില്‍ എം.എം മണിയെ ഉള്‍പെടുത്തിയതിനേയും അദ്ദേഹം വിമര്‍ശിച്ചു. മണിയെ സമിതിയില്‍ ഉള്‍പെടുത്തിയത് കള്ളനെ താക്കോല്‍ ഏല്‍പിക്കുന്നതു പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഇക്കാര്യത്തില്‍ വി.എസ് അച്യുതാന്ദന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോയ്‌സ് ജോര്‍ജ് എം.പി ഉള്‍പെട്ട കോട്ടക്കമ്പൂര്‍ പട്ടയ വിവാദം ഉള്‍പെടെ വ്യാജ പട്ടയങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഇന്ന് മൂന്നംഗസംഘം ഇടുക്കിയിലെത്തും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വനം മന്ത്രി കെ. രാജു, വൈദ്യുതി മന്ത്രി എം.എം മണി എന്നിവരാണ് സംഘാംഗങ്ങള്‍. ജോയ്‌സ് ജോര്‍ജിന്റേതടക്കമുള്ള പട്ടയങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി ചര്‍ച്ചാവിഷയമായത്.
ഇടുക്കി ജില്ലയില്‍ 3,200 ഹെക്ടര്‍ സ്ഥലത്ത് നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കാന്‍ 2006ലാണ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. നിര്‍ദിഷ്ട പ്രദേശത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വേണ്ടത്ര പരിശോധനകളില്ലാതെയും പ്രദേശവാസികളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെയുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."