ബ്രിക്‌സ് റാങ്കിങ്: ഇന്ത്യന്‍ സര്‍വകലാശാലകളില്‍ കാലിക്കറ്റിന് ആറാം സ്ഥാനം
തേഞ്ഞിപ്പലം: ബ്രിക്‌സ് റാങ്കിങില്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ കാലിക്കറ്റിന് ആറാം സ്ഥാനം. ഐ.ഐ.ടികള്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 18-ാം സ്ഥാനം നേടാനും കാലിക്കറ്റിന് സാധ്യമായി. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ് ലഭിച്ചതും കാലിക്കറ്റ് സര്‍വകലാശാലക്കാണ്. ഇന്ത്യ,ബ്രസീല്‍,റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സിനായി നടത്തിയതാണ് റാങ്കിങ്.
അക്കാദമിക് വൈശിഷ്ട്യം, തൊഴില്‍ ദാതാക്കള്‍ കല്‍പ്പിക്കുന്ന മതിപ്പ്, അധ്യാപക-വിദ്യാര്‍ഥി അനുപാതം, അധ്യാപക യോഗ്യതാ മികവ്, അന്താരാഷ്ട്ര വിദ്യാര്‍ഥി പ്രാതിനിധ്യം, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍, പി.എച്ച്.ഡി യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം, പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം, ഗവേഷണ മികവ് തുടങ്ങിയ ഘടകങ്ങള്‍ ആധാരമാക്കിയാണ് ബ്രിക്‌സ് റാങ്കിങ് നിര്‍ണയിച്ചത്.
ഡല്‍ഹി സര്‍വകലാശാല, കൊല്‍ക്കത്ത സര്‍വകലാശാല, ജാദവ്പൂര്‍ സര്‍വകലാശാല, മുംബൈ സര്‍വകലാശാല, അണ്ണാ സര്‍വകലാശാല, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല എന്നിവയാണ് ഇന്ത്യയില്‍ കാലിക്കറ്റിനേക്കാള്‍ മുന്നിലുള്ളത്. കൂട്ടായ പ്രയത്‌നത്തിന്റെ പരിണിതഫലമാണ് സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ കൈവെന്ന ഈ നേട്ടമെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇതിനായി സഹകരിച്ച എല്ലാവരോടും, പിന്തുണച്ച പൊതുസമൂഹത്തോടും വൈസ് ചാന്‍സലര്‍ നന്ദി അറിയിച്ചു.
ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിനും ജോലിക്കും ശ്രമിക്കുന്ന യുവജനങ്ങള്‍ക്ക്് അവര്‍ പഠിച്ച സര്‍വകലാശാലയുടെ ഉയര്‍ന്ന റാങ്കിങ് ഏറെ പ്രയോജനപ്രദമാണെന്ന് ഡോ.കെ.മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി. നാക് അക്രഡിറ്റേഷനില്‍ 'എ' ഗ്രേഡും കാലിക്കറ്റ് സര്‍വകലാശാല കരസ്ഥമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."