വ്യാജ ബിരുദം: ജില്ലാ ബാങ്ക് ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നു
തൊടുപുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയില്‍ പ്രവേശിച്ചവരുണ്ടെന്ന വിവരം പുറത്തുവന്നതോടെ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നു. എന്നാല്‍, ബാങ്കുകള്‍ നടത്തുന്ന പരിശോധന ഫലപ്രദമാകില്ലെന്നാണ് വിലയിരുത്തല്‍.
സഹകരണ വകുപ്പ് മുഖേനയുള്ള പരിശോധനകള്‍ക്ക് സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിച്ചിട്ടുമില്ല. 6,800ഓളം ജീവനക്കാരാണ് നിലവില്‍ ജില്ലാ സഹകരണ ബാങ്കുകളിലുള്ളത്. ഇതില്‍ 2,400ഓളം പേര്‍ മാത്രമാണ് പി.എസ്.സി മുഖേന ജോലിയില്‍ പ്രവേശിച്ചത്. 1995 മുതലാണ് ജില്ലാ ബാങ്കുകളില്‍ പി.എസ്.സി നിയമനം തുടങ്ങുന്നത്. പി.എസ്.സി വഴി നിയമനം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയതാണ്.
കണ്ണൂര്‍ ജില്ലാ ബാങ്കിലെ 12 ജീവനക്കാരുടെ ബിരുദം വ്യാജമാണെന്ന വിവരം പുറത്തുവന്നതോടെയാണ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള നടപടി തുടങ്ങിയത്. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലാ ബാങ്കുകളിലും വ്യാജ ബിരുദധാരികള്‍ ഉന്നതസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ ഒന്നര വര്‍ഷം മുന്‍പ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ വീണ്ടും പരിശോധന നടത്തുമെന്ന് ജനറല്‍ മാനേജര്‍ എ.ആര്‍ രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ ഒരു സര്‍വകലാശാലയും അംഗീകരിക്കാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി സ്ഥാനക്കയറ്റം നേടിയവര്‍ പല ജില്ലാ ബാങ്കുകളിലുമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ബിരുദങ്ങള്‍ക്ക് ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം 2014ല്‍ നിലവില്‍വന്നെങ്കിലും പലരും ഹാജരാക്കിയിട്ടില്ല.
സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ കണ്‍കറന്റ് ഓഡിറ്റര്‍മാരായ ജോയിന്റ് രജിസ്ട്രാര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതാണ് ഉചിതമെന്ന് ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജന. സെക്രട്ടറി സി.കെ അബ്ദുറഹ്മാന്‍ സുപ്രഭാതത്തോട് പറഞ്ഞു. സഹകരണ വിജിലന്‍സ് സെല്ലിന്റെ പ്രവര്‍ത്തനം നിലവില്‍ നിര്‍ജീവമാണ്.
പ്രാഥമിക സഹകരണ സംഘങ്ങളിലും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ നിരവധിയാണ്. ബോര്‍ഡിനെ സ്വാധീനിച്ച് പ്യൂണ്‍ തസ്തികകളില്‍ നിയമനം നേടിയതിനുശേഷം ഇതരസംസ്ഥാനത്തുനിന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രമോഷന്‍ തരപ്പെടുത്തുകയാണ് പതിവ്. സഹകരണ സംഘങ്ങളില്‍ പ്രമോഷന്‍ നല്‍കുന്നതിന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളില്‍ രജിസ്ട്രാര്‍ക്ക് ഇളവ് നല്‍കാനുള്ള അധികാരമാണ് ഇത്തരക്കാര്‍ക്ക് ഗുണകരമാകുന്നത്. സംഘം ഭരണസമിതി തീരുമാനം സഹിതം ഡിഗ്രി യോഗ്യതയില്‍ ഇളവ് ചോദിച്ച് രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കുകയാണ് പതിവ്. ഇത്തരം എല്ലാ അപേക്ഷകള്‍ക്കും രജിസ്ട്രാര്‍ അംഗീകാരം നല്‍കാറുണ്ട്. ഇതോടെ പത്താം ക്ലാസും ജെ.ഡി.സിയുമുള്ളയാള്‍ ശാഖാ മാനേജര്‍മാര്‍ വരെയാകുന്നു. നിലവില്‍ പ്രാഥമിക സഹകരണ മേഖലയില്‍ ക്ലര്‍ക്ക് മുതല്‍ ശാഖാ മാനേജര്‍ തസ്തികയില്‍വരെ ജോലിചെയ്യുന്ന പകുതിയോളം ജീവനക്കാര്‍ക്കും ഡിഗ്രി യോഗ്യതയില്ല. സഹകരണ മേഖലയില്‍ പ്രൊഫഷണലിസവും നൂതന സാങ്കേതികവിദ്യയുടെ സാധ്യതയും ഇക്കാരണത്താല്‍ എത്തുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."