തസ്തിക നിര്‍ണയം ഡിസംബര്‍ 15നകം
ചെറുവത്തൂര്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കും. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനാംഗീകാര ഫയലുകളില്‍ പുതുവര്‍ഷം പിറക്കുംമുന്പ് തീര്പ്പുകല്പ്പിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്കി.
2015-16 അധ്യയനവര്‍ഷത്തെ തസ്തിക നിര്‍ണയം 2016-17 വര്‍ഷത്തേക്കുകൂടി ബാധകമാക്കിയ തീരുമാനത്തിനെതിരേ നിരവധിപേര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ നിര്‍ദേശം നിലനില്‍ക്കില്ലെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തസ്തിക നിര്‍ണയം നടത്തേണ്ടിവന്നത്. 2016-17ല്‍ അര്‍ഹമായ അധിക തസ്തികകള്‍ അനുവദിക്കും. 2016 ജൂലൈ മാസത്തെ ആറാം പ്രവൃത്തിദിവസത്തെ കുട്ടികളുടെ എണ്ണം യു.ഐ.ഡി അടിസ്ഥാനത്തില്‍ കണക്കാക്കിയാകും തസ്തിക നിര്‍ണയിക്കുക. തസ്തിക നിര്‍ണയം കഴിഞ്ഞാല്‍ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം നല്‍കും. ഡിസംബര്‍ 15ന് വൈകിട്ട് മൂന്നിന് പ്രധാനാധ്യാപകരുടെ യോഗം വിളിച്ച് തസ്തിക നിര്‍ണയ ഉത്തരവ് കൈമാറും. 2016-17, 2017-18 അധ്യയനവര്‍ഷത്തെ അധിക തസ്തികകളിലെ നിയമനങ്ങള്‍ക്കാണ് ഇനി അംഗീകാരം ലഭിക്കാനുള്ളത്. ഇതില്‍ 1:1 അനുപാതം (ഒന്ന് മാനേജര്‍ നിയമിക്കുമ്പോള്‍ ഒന്ന് സര്‍ക്കാരിന്) പാലിക്കാന്‍ തയാറാണെന്ന് മാനേജര്‍മാര്‍ എഴുതിനല്‍കിയ വിദ്യാലയങ്ങളില്‍ നിയമനാംഗീകാരം നല്‍കിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഭൂരിപക്ഷം മാനേജര്‍മാരും ഈ അനുപാതത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."