ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: തീരുമാനം എല്‍.ഡി.എഫിന് വിട്ട് സി.പി.എം
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനമൊഴിഞ്ഞ എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് എല്‍.ഡി.എഫിനു വിടാന്‍ സി.പി.എം സെക്രട്ടേറിയറ്റില്‍ ധാരണ.
ഇക്കാര്യത്തില്‍ പാര്‍ട്ടി ആദ്യമൊരു തീരുമാനമെടുത്ത് പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ ധാരണ. പാര്‍ട്ടി തീരുമാനം അടുത്തയാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ അറിയിക്കും. യോഗത്തിലുണ്ടാകുന്ന പൊതുധാരണയ്‌ക്കൊപ്പം പാര്‍ട്ടി നില്‍ക്കും. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന്‍ കുറ്റക്കാരനാണെന്നുപറയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായമാണ് യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ പ്രകടിപ്പിച്ചത്. എന്നാല്‍, പാര്‍ട്ടി മുന്‍കൈയെടുത്താണ് ശശീന്ദ്രനെ മന്ത്രിയാക്കുന്നതെന്ന പ്രതീതി ഉണ്ടാവാതെ ശ്രദ്ധിക്കണമെന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നു.
തോമസ് ചാണ്ടിയുടെ രാജിയില്‍ ഏറെ പഴികേള്‍ക്കാനിടയായ സാഹചര്യത്തില്‍ പാര്‍ട്ടി ഒറ്റയ്‌ക്കൊരു തീരുമാനമെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേതന്നെ സെക്രട്ടേറിയറ്റിനെ അറിയിച്ചിരുന്നു. അതിനെ അനുകൂലിക്കുന്ന നിലപാടാണ് അംഗങ്ങള്‍ സ്വീകരിച്ചത്. തോമസ് ചാണ്ടിയുടെ രാജി ഒഴിവാക്കാന്‍ പാര്‍ട്ടി പ്രത്യേക താല്‍പര്യം കാട്ടിയെന്ന് പൊതുസമൂഹത്തിനു മുന്നില്‍ വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ കക്ഷികള്‍ക്കും സാധിച്ചുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ശശീന്ദ്രന്റെ കാര്യത്തില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ അത്തരമൊരു അവസ്ഥ സൃഷ്ടിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.ഐക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നെങ്കിലും ഇതിന്റെപേരില്‍ ഇനി പരസ്യ തര്‍ക്കം വേണ്ടെന്ന തീരുമാനവും യോഗത്തിലുണ്ടായി. സി.പി.ഐ നിലപാടിനോട് തുടക്കത്തില്‍ ശക്തമായി പ്രതികരിക്കേണ്ട സാഹചര്യം ഉണ്ടായതിനാലാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ തര്‍ക്കം തുടര്‍ന്നുകൊണ്ടുപോകുന്നതു ഗുണകരമാവില്ല. പാര്‍ട്ടിക്കെതിരായ പരസ്യ പ്രസ്താവനകളില്‍ നിന്നു സി.പി.ഐ പിന്മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്നണിയില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്കു വഴിയൊരുക്കേണ്ടതില്ലെന്ന ധാരണയിലാണ് യോഗം എത്തിയത്.
അതിനിടെ, ശശീന്ദ്രനെതിരേ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹരജിയില്‍ കക്ഷിചേരാന്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസ് റദ്ദാക്കാനുള്ള ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.
ഇത്തരമൊരു ഹരജി പരാതിക്കാരി നല്‍കിയത് സ്വാധീനം നിമിത്തമാകാമെന്നും പ്രമുഖ രാഷ്ട്രീയ നേതാവായ ശശീന്ദ്രനെതിരേ സര്‍ക്കാരും പ്രോസിക്യൂഷനും നിലപാട് എടുക്കില്ലെന്നും വ്യക്തമാക്കിയാണ് രേണു സുരേഷ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."