അനധികൃത മെഡിക്കല്‍ പ്രവേശനം: വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കണം
ന്യൂഡല്‍ഹി: അനധികൃതമായി വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് സുപ്രിം കോടതി ഉത്തരവ്. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ കോളജിനെതിരേയാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
സുപ്രിം കോടതി ഉത്തരവ് മറികടന്ന് 150 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയതാണ് ശിക്ഷാ നടപടിക്ക് ഇടയാക്കിയത്. 2018-19 വര്‍ഷം കോളജില്‍ അഡ്മിഷന് നടത്തരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനു പുറമെ കോടതി ഉത്തരവ് മറികടന്നതിനെതിരേ സുപ്രിം കോടതി രജിസ്ട്രിക്ക് 25 ലക്ഷം രൂപ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അനധികൃതമായി വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതുവഴി അവരില്‍ നിന്ന് ഈടാക്കിയ തുക തിരിച്ചു നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."