ജര്‍മനിയില്‍ വീണ്ടും മഹാസഖ്യത്തിന് കളമൊരുങ്ങുന്നു
ബെര്‍ലിന്‍: ജര്‍മനിയില്‍ വീണ്ടും മഹാസഖ്യത്തിന് കളമൊരുങ്ങുന്നു. കഴിഞ്ഞയാഴ്ച ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി(എഫ്.ഡി.പി) പിന്‍മാറിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടി നില്‍ക്കെ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലിനു സഹായവുമായി രാജ്യത്തെ രണ്ടാമത്തെ വലിയ ഒറ്റകക്ഷി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്.പി.ഡി) രംഗത്തെത്തിയിരിക്കുകയാണ്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍(സി.ഡി.യു) നേതാവ് കൂടിയായ ആംഗെലാ മെര്‍ക്കല്‍, ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്‍(സി.എസ്.യു) നേതാവ് ഹോസ്റ്റ് സീഹോഫര്‍, എസ്.പി.ഡി നേതാവ് മാര്‍ട്ടിന്‍ ഷ്യൂള്‍സ് എന്നിവരെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കായി പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റൈന്‍മൈര്‍ ക്ഷണിച്ചു. മൂന്നു നേതാക്കളുമായും പ്രസിഡന്റ് ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ സര്‍ക്കാരില്‍ കൂട്ടുകക്ഷിയായിരുന്നു എസ്.പി.ഡി. എന്നാല്‍, സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ ചേരുന്നില്ലെന്ന് ഷ്യൂള്‍സ് വ്യക്തമാക്കിയിരുന്നു. മെര്‍ക്കല്‍ നിരവധി തവണ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും ഷ്യൂള്‍സ് വഴങ്ങിയിരുന്നില്ല. തുടര്‍ന്നാണ് ഉദാര ബിസിനസ് നയം സ്വീകരിക്കുന്ന ഫ്രീ ഡെമോക്രാറ്റുകളുമായും പരിസ്ഥിതിവാദികളായ ഗ്രീനുകളുമായും മെര്‍ക്കല്‍ സഖ്യചര്‍ച്ച ആരംഭിച്ചത്. ഒരു മാസത്തിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ എഫ്.ഡി.പി പിന്മാറിയതോടെ മെര്‍ക്കല്‍ വീണ്ടും പ്രതിസന്ധിയിലാകുകയായിരുന്നു. തുടര്‍ന്ന്, ന്യൂനപക്ഷ സര്‍ക്കാരുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും പുതിയ തെരഞ്ഞെടുപ്പ് നേരിടാന്‍ താന്‍ സന്നദ്ധമാണെന്ന് മെര്‍ക്കല്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സോഷ്യലിസ്റ്റുകളെ തന്നെ കൂട്ടുപിടിച്ച് വീണ്ടും സര്‍ക്കാര്‍ രൂപീകരണത്തിനു വഴിയൊരുങ്ങുന്നത്.
സെപ്റ്റംബര്‍ 24നു നടന്ന ജര്‍മന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ സി.ഡി.യുസി.എസ്.യു മുന്നണിയാണു കൂടുതല്‍ വോട്ട് നേടിയത്. എന്നാല്‍, ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം മുന്നണിക്കു ലഭിച്ചിരുന്നില്ല. ആകെ 709 അംഗ പാര്‍ലമെന്റില്‍ സി.ഡി.യുസി.എസ്.യു മുന്നണിക്ക് 246 അംഗങ്ങളാണുള്ളത്. എസ്.പി.ഡി 153ഉം എഫ്.ഡി.പി 80ഉം ലെഫ്റ്റ് പാര്‍ട്ടി 69ഉം ഗ്രീന്‍ പാര്‍ട്ടി 67ഉം സീറ്റുകള്‍ സ്വന്തമാക്കി. തീവ്ര വലതുപക്ഷ വിഭാഗമായ എ.എഫ്.ഡി 94 സീറ്റ് നേടി ഞെട്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."