ഇന്ത്യക്കെതിരേ വിമര്‍ശനമെയ്ത് ഹാഫിസ് സഈദ്
ഇസ്‌ലാമാബാദ്: കഴിഞ്ഞ ദിവസം പാകിസ്താന്‍ വീട്ടുതടങ്കലില്‍നിന്നു മോചിപ്പിച്ച തീവ്രവാദ സംഘം ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദ് ഇന്ത്യക്കും മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനുമെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത്. കശ്മിര്‍ വിഷയത്തില്‍ താന്‍ പാകിസ്താനികളെ സംഘടിപ്പിക്കുമെന്നും സ്വാതന്ത്ര്യം എന്ന ലക്ഷ്യം നേടാന്‍ കശ്മിരികളെ സഹായിക്കുമെന്നും ഹാഫിസ് സഈദ് വ്യക്തമാക്കി. തന്റെ വസതിക്കു മുന്‍പില്‍ തടിച്ചുകൂടിയ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഹാഫിസ് സഈദ്.
കശ്മിരിനു വേണ്ടി ശബ്ദിച്ചതുകൊണ്ടു മാത്രമാണ് എന്നെ പത്തു മാസത്തോളം വീട്ടുതടങ്കലിലാക്കിയത്. കശ്മികള്‍ക്കുവേണ്ടി ഏറെ പോരാടി. ഇനിയും കശ്മിരികള്‍ക്കു വേണ്ടിയും അവരുടെ സ്വാതന്ത്ര്യലബ്ധിക്കു വേണ്ടിയും പാക് ജനതയെ കൂട്ടി പോരാടും. എനിക്കെതിരേ ഉന്നയിക്കപ്പെട്ട ഒരു ആരോപണവും ലാഹോര്‍ ഹൈക്കോടതിയില്‍ തെളിയിക്കപ്പെടാനായില്ലെന്നതില്‍ ഞാന്‍ അതിയായ സന്തുഷ്ടനാണ്. ഇന്ത്യ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എനിക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. ലാഹോര്‍ കോടതിയുടെ വിധി ഞാന്‍ നിരപരാധിയാണെന്നാണ് തെളിയിക്കുന്നത്-ഹാഫിസ് സഈദ് പറഞ്ഞു.
മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെതിരേയും സഈദ് ആഞ്ഞടിച്ചു. താന്‍ എന്തിനാണ് പുറത്താക്കപ്പെട്ടതെന്നാണ് ശരീഫ് ചോദിക്കുന്നത്. താന്‍ പറഞ്ഞുതരാം, ആയിരക്കണക്കിനു മുസ്‌ലിംകളുടെ കൊലയാളിയായ നരേന്ദ്ര മോദിയുമായി സൗഹൃദം സ്ഥാപിച്ച് രാജ്യത്തെ വഞ്ചിച്ചതിനാണ് നവാസ് ശരീഫ് പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്തായത്-സഈദ് കൂട്ടിച്ചേര്‍ത്തു.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണെന്ന് ഇന്ത്യ ആരോപിക്കുന്നയാളാണ് ഹാഫിസ് സഈദ്. സഈദിന്റെ മോചനത്തിനെതിരേ ഇന്ത്യയും അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. സഈദിനെ പാക് സര്‍ക്കാര്‍ ഭീകര കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് യു.എസ് ആഭ്യന്തര വകുപ്പ് വക്താവ് ഹെതര്‍ ന്യുവര്‍ട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."