സിംബാബ്‌വെയില്‍ എമേഴ്‌സണ്‍ എംനംഗാഗ്‌വ അധികാരമേറ്റു
ഹരാരെ: സിംബാബ്‌വെയുടെ പുതിയ പ്രസിഡന്റായി എമേഴ്‌സണ്‍ എംനംഗാഗ്‌വ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും രാജ്യത്തെ പ്രതിപക്ഷ നേതാക്കളും അടക്കം പതിനായിരങ്ങളെ സാക്ഷിയാക്കി ഹരാരെയിലെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ലൂക് മലാബ പുതിയ പ്രസിഡന്റിനു സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ പങ്കെടുത്തില്ല. 93കാരനായ അദ്ദേഹം വിശ്രമത്തിലാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
നിങ്ങള്‍ക്കു മുന്നില്‍ ഞാന്‍ വിനയാന്വിതനാകുന്നെന്നു സദസിനോടു പറഞ്ഞ എംനംഗാഗ്‌വ, സിംബാബ്‌വെയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണുമെന്നും എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്നും വ്യക്തമാക്കി. രാജിവച്ചൊഴിഞ്ഞ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ ചടങ്ങില്‍ പുകഴ്ത്താനും എംനംഗാഗ്‌വ സമയം കണ്ടെത്തി. മുഗാബെ സിംബാബ്‌വെയുടെ പിതാവും മാര്‍ഗദര്‍ശിയും വ്യക്തിപരമായി തന്റെ നേതാവുമാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പിന്‍ഗാമിയായി ഭാര്യ ഗ്രെയ്‌സിനെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കിടെ കഴിഞ്ഞയാഴ്ചയാണ് റോബര്‍ട്ട് മുഗാബെയില്‍നിന്നു സൈന്യം ഭരണം പിടിച്ചെടുത്തത്. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ മുഗാബെയ്ക്കു രാജിവച്ചൊഴിയാന്‍ അവസരമൊരുക്കിയ സൈന്യം പൂര്‍ണ സുരക്ഷിതനായി രാജ്യത്തു കഴിയാമെന്നും ഉറപ്പുനല്‍കി. ആദ്യം സമ്മതിച്ചില്ലെങ്കിലും സ്വന്തം പാര്‍ട്ടിയടക്കം എതിരാകുകയും ഇംപീച്ച്‌മെന്റിലേക്കു നീങ്ങുകയും ചെയ്തതോടെ രാജിവയ്ക്കാന്‍ മുഗാബെ സമ്മതിക്കുകയായിരുന്നു. മുഗാബെയെ പ്രോസിക്യൂട്ട് ചെയ്യില്ലെന്നും അദ്ദേഹത്തിന് ഉറപ്പുനല്‍കിയിരുന്നു.
വൈസ് പ്രസിഡന്റായിരുന്ന എമേഴ്‌സണ്‍ എംനംഗാഗ്‌വയെ മുഗാബെ നേരത്തെ പുറത്താക്കിയിരുന്നു. അദ്ദേഹവും അടുപ്പക്കാരനായ സൈനിക തലവനും ചേര്‍ന്നാണ് പിന്നീട് അട്ടിമറി പദ്ധതിയിട്ടതെന്നാണ് നിഗമനം. സിംബാബ്‌വെയുടെ രണ്ടാം പ്രസിഡന്റാണ് എംനംഗാഗ്‌വ. 1980ല്‍ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയ സിംബാബ്‌വെയില്‍ അന്നു മുതല്‍ റോബര്‍ട്ട് മുഗാബെ ആയിരുന്നു പ്രസിഡന്റ്.
തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം
ഹരാരെ: സിംബാബ്‌വെയില്‍ അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നു പുതിയ പ്രസിഡന്റ് എമേഴ്‌സണ്‍ എംനംഗാഗ്‌വ. തെരഞ്ഞെടുപ്പ് പൂര്‍ണമായും ജനാധിപത്യപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ ക്ഷേമം, അഴിമതി തുടച്ചുനീക്കല്‍, സാമ്പത്തികരംഗത്തെ ഉന്നതി തുടങ്ങി നിരവധി വാഗ്ദാനങ്ങളും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. ഭൂമിയടക്കം പിടിച്ചെടുത്തു നേരത്തേ ക്രൂശിക്കപ്പെട്ട കര്‍ഷകര്‍ക്ക് അതു തിരിച്ചുനല്‍കുമെന്നതടക്കമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് ജനം വരവേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."