ഈജിപ്ത് പള്ളിയിലെ ഭീകരാക്രമണം; മരണസംഖ്യ 305 ആയി, രക്തക്കളമായി അല്‍റൗദ പള്ളി
കെയ്‌റോ: ഈജിപ്തിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ 305 ആയി. 125 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഈജിപ്ത് ചീഫ് പ്രോസിക്യൂട്ടര്‍ നബീല്‍ സാദിഖ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 27 കുഞ്ഞുങ്ങളുമുണ്ട്. സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ, തിരിച്ചടിയായി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരര്‍ സഞ്ചരിച്ച വാഹനങ്ങള്‍ പൂര്‍ണമായി തകരുകയും മുഴുവന്‍ ഭീകരരും കൊല്ലപ്പെടുകയും ചെയ്തതായി സൈന്യം അവകാശപ്പെട്ടു.
സംഭവത്തിന്റെ ഉത്തരവാദിത്തം ഇനിയും ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണം നടത്തിയ ഭീകരര്‍ ഐ.എസിന്റെ കറുത്ത കൊടി പിടിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ഐ.എസിന്റെ പ്രാദേശിക ഘടകത്തെ കേന്ദ്രീകരിച്ചു തന്നെയാണ് പൊലിസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. 30ഓളം പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ആക്രമികള്‍ക്കെതിരേ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി അറിയിച്ചു. ദാരുണമായ സംഭവത്തില്‍ കൊല്ലപ്പെട്ട ഓരോ ജീവനുകള്‍ക്കും പകരം ചോദിക്കും. ഭീകരതക്കെതിരായ പോരാട്ടത്തില്‍നിന്ന് തങ്ങളെ തടയാനാണു ഭീകരര്‍ ശ്രമിക്കുന്നതെന്നും അതു നടക്കാന്‍ പോകുന്നില്ലെന്നും മുര്‍സി വ്യക്തമാക്കി. നേരത്തെ, സംഭവത്തിനു തൊട്ടുപിറകെ അടിയന്തര സുരക്ഷായോഗം വിളിച്ചുചേര്‍ത്ത മുര്‍സി രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഈജിപ്തിലെ മുസ്‌ലിം പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനിടെ വന്‍ ഭീകരാക്രണമുണ്ടായത്. വടക്കന്‍ സീനാ പ്രവിശ്യയിലുള്ള ബിഅ്‌റ് അല്‍ ആബിദ് ഗ്രാമത്തിലെ സുന്നി പള്ളിയായ അല്‍ റൗദയിലായിരുന്നു സംഭവം.
ആദ്യം പള്ളിക്കു സമീപത്തു സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പേടിച്ചരണ്ട് ചിതറിയോടിയ വിശ്വാസികള്‍ക്കു നേരെ പുറത്തു നിര്‍ത്തിയിട്ട നാല് വാഹനങ്ങളില്‍നിന്നായി ഭീകരര്‍ തോക്കും ഗ്രനേഡുമുപയോഗിച്ച് നിറയൊഴിച്ചു. ആക്രമികളില്‍ ചിലര്‍ സൈനിക വേഷത്തിലായിരുന്നു പള്ളിയിലെത്തിയത്.
ചിലര്‍ മുഖം മറച്ചിട്ടുമുണ്ടായിരുന്നു. ജനങ്ങള്‍ രക്ഷപ്പെടാതിരിക്കാന്‍ പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും വിവരമറിഞ്ഞെത്തിയ ആംബുലന്‍സുകളും അക്രമികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."