ഹാഫിസ് സഈദിന്റെ മോചനം: മുന്നറിയിപ്പുമായി വീണ്ടും യു.എസ്
വാഷിങ്ടണ്‍: ഹാഫിസ് സഈദിനെ വിട്ടയച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും യു.എസ്. ഭീകരവാദി ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പാകിസ്താന്‍ സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായേക്കുമെന്നും വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി.
'പാകിസ്താന്റെ ഭീകരവാദത്തിനെതിരായ പോരാട്ടത്തെക്കുറിച്ചുള്ള അസ്വസ്ഥജനകമായ ഒരു സന്ദേശമാണ് ഹാഫിസ് സഈദിനെതിരെ കുറ്റങ്ങള്‍ ചാര്‍ത്തുന്നതിലും പ്രോസിക്യൂട്ട് ചെയ്യുന്നതിലും പരാജയപ്പെട്ടതിനു ശേഷം അയാളെ വിട്ടയക്കുമ്പോള്‍ പുറത്തെത്തുന്നത്. ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കില്ലെന്ന പാക് വാദം പൊള്ളായാണെന്ന് ഇതില്‍ വ്യക്തമാവുന്നു' വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഹാഫിസിനെ അറസ്റ്റ് ചെയ്യാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും പാകിസ്താന്‍ തയ്യാറാകാത്ത പക്ഷം അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യു.എസ് താക്കീത് ചെയ്യുന്നു. ഹാഫിസിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഭീകരവാദികള്‍ക്ക് ശിക്ഷയുറപ്പു വരുത്തുന്ന കാര്യത്തെ ഗൗരവതരമായല്ല പാകിസ്താന്‍ പരിഗണിക്കുന്നതെന്നായിരുന്നു വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ വക്താവ് രാവിഷ് കുമാറിന്റെ പ്രതികരണം.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സഈദ്. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന ഹാഫിസ് സഈദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിതനായത്. മോചിതനായ ദിവസം തന്നെ ഇന്ത്യക്കെതിരെ വിദ്വേഷജനകമായ രീതിയില്‍ ഹാഫിസ് പ്രസംഗിച്ചിരുന്നു.
.@WhiteHouse statement on the release of #HafizSaeed pic.twitter.com/BsB7HnovtE
— U.S. Embassy India (@USAndIndia) November 25, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."