ഈജിപ്തിലെ ആക്രമണം: ഖത്തര്‍ ഭരണാധികാരി അപലപിച്ചു
ദോഹ: ഈജിപ്തിലെ വടക്കന്‍ സിനായില്‍ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ അനുശോചിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയ്ക്ക് സന്ദേശം അയച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മതപരവും ധാര്‍മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ക്രൂരമായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതായും അമീര്‍ വ്യക്തമാക്കി.
ഇസ്രാഈല്‍ ഫലസ്തീന്‍ അതിര്‍ത്തി മേഖലയായ ബില്‍ അല്‍ അബ്ദ് പട്ടണത്തിലെ അല്‍ റൗദ മുസ്‌ലിം പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയുടെ സമയത്താണ് ആക്രമണമുണ്ടായത്. സ്‌ഫോടനം നടത്തിയ ശേഷം പിന്നാലെ വാഹനങ്ങളിലെത്തിയ അക്രമികള്‍ ശേഷിച്ചവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ 230ലധികം പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സ്‌ഫോടനത്തില്‍ പള്ളിക്കും കാര്യമായ കേടുപറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."