ലോകത്തെവിടെ നിന്നും ഇനി കൃഷി പരിപാലിക്കാം
കോഴിക്കോട്: ആധുനിക സാങ്കേതിക വിദ്യ കാര്‍ഷികരംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് കണ്ണൂര്‍ രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികളായ മാനസ് മനോഹറും ശ്രേയ മധുവും. ലോകത്തെവിടെയുമിരുന്ന് ഏത് സമയത്തും തങ്ങളുടെ കാര്‍ഷിക വിളകളെ സംരക്ഷിക്കാന്‍ കഴിയുന്നവിധത്തിലാണ് ഇവരുടെ പരീക്ഷണം.
ഹയര്‍സെക്കന്ററി വിഭാഗം വര്‍ക്കിങ് മോഡലില്‍ ഓട്ടോമാറ്റിക്ക് ആയി കൃഷിയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഓട്ടോപ്ലാന്റ് പ്രോജക്ടാണ് ഇരുവരും പരിചയപ്പെടുത്തുന്നത്. കൃഷിയിടത്തെ മൊത്തമായി സ്വന്തം കയ്യിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ മുഖേന നിയന്ത്രിക്കാനാവുമെന്ന് ഇവര്‍ പറയുന്നു.
കൃഷിയിടത്തില്‍ വെള്ളം കുറഞ്ഞാലും താപനില കൂടിയാലും കുറഞ്ഞാലും എല്ലാം മൊബൈല്‍ ആപ്പ് വഴി അറിയാനാകും. ഇതുവഴി കൃഷിയിടത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ പൊന്നുവിളയുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൃഷിസ്ഥലത്തെ വെള്ളവും സൂര്യതാപവുമെല്ലാം ഓഡിനോ മൈക്രോ കണ്‍ട്രോള്‍ മുഖേന ബന്ധിപ്പിച്ചാണ് ഓട്ടോ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്ന ബ്ലിങ്ക് എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഇത് നിയന്ത്രിക്കുന്നത്.
വീട്ടില്‍ പരീക്ഷണത്തിനായി ഒരുമുറി തന്നെയാണ് മാനസ് ഒരുക്കിയിരിക്കുന്നത്. വീട്ട്‌വളപ്പിലെ കൃഷിയിടത്തില്‍ തന്റെ ഈ നൂതന പരീക്ഷണം നടത്താനുള്ള ശ്രമവും വിദ്യാര്‍ഥി തുടങ്ങികഴിഞ്ഞു.
കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നതിനും മറ്റും വീട്ടുകാര്‍ നേരിടുന്ന ബുദ്ധിമുട്ട് നേരില്‍കണ്ടതാണ് മാനസ് ഇത്തരമൊരു ആശയത്തിലേക്ക് തിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."