മുഖ്യപ്രതിയുടെ മരണം വിചാരണ ആരംഭിക്കാനിരിക്കെ
കൊല്ലം: വിചാരണ ഉടന്‍ ആരംഭിക്കാനിരിക്കെയാണ് പി.എസ്.സി പരീക്ഷാ തട്ടിപ്പുകേസിലെ ഒന്നാംപ്രതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പി.എസ്.സി പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് മൊബൈലിലൂടെ ഉത്തരങ്ങള്‍ പറഞ്ഞു നല്‍കി വിവാദമായ കേസിലെ പ്രതി മയ്യനാട് കാരിക്കുഴി, ഉത്രാടം വീട്ടില്‍ പ്രകാശ് ലാലിനെയാണ്(58) മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. ഇയാളുടെ ഫോണിലേക്ക് മകള്‍ വിളിച്ചപ്പോഴാണ് മരിച്ചത് പ്രകാശ് ലാലാണെന്ന് വ്യക്തമായത്. മൃതദേഹം മേല്‍നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വ്യവസായ വകുപ്പിലെ ജീവനക്കാരനായിരുന്നു.
2010 ഒക്ടോബറില്‍ പി.എസ്.സി നടത്തിയ എസ്.ഐ പരീക്ഷയുടെ ചോദ്യ പേപ്പര്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെ ചോര്‍ത്തി പരീക്ഷാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ഉത്തരം പറഞ്ഞുകൊടുത്തുവെന്നാണ് പ്രകാശ് ലാലിനെതിരായ കേസ്. പ്രകാശ് ലാല്‍ ഉള്‍പ്പടെ 13 പേരാണ് കേസിലെ പ്രതികള്‍. അരലക്ഷം പേര്‍ എഴുതിയ എസ്.ഐ പരീക്ഷയില്‍ ചവറ ശങ്കരമംഗലം, കൊല്ലം ക്രേവണ്‍ സ്‌കൂള്‍ എന്നീ സെന്ററുകളിലാണ് തട്ടിപ്പ് നടന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പി.എസ്.സി വിജിലന്‍സ് സ്‌ക്വാഡ് പരീക്ഷാ ഹാളുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈല്‍ ഫോണില്‍ ഉത്തരം കേട്ടെഴുതിയ രണ്ട് ഉദ്യോഗാര്‍ഥികളെ പിടികൂടിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡി.വൈ.എസ്.പി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്ത് വന്നത്. ലാസ്റ്റ് ഗ്രേഡ്, ക്ലറിക്കല്‍ തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലും സംഘം തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
പരീക്ഷാ വിജ്ഞാപനം പുറത്തിറങ്ങുമ്പോള്‍ സാമ്യമുള്ള പേരുകളില്‍ 10 മുതല്‍ 15 വരെ അപേക്ഷകള്‍ പ്രകാശ് ലാല്‍ അയയ്ക്കുമായിരുന്നത്രെ. ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിട്ടും തട്ടിപ്പ് തുടര്‍ന്നു. അന്ന് അപേക്ഷയ്‌ക്കൊപ്പം ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടിയിരുന്നില്ല. ഹാള്‍ ടിക്കറ്റ് അയയ്ക്കുമ്പോള്‍ പോസ്റ്റ്മാനെ സ്വാധീനിച്ച് അവ കൈക്കലാക്കും കൂട്ടാളികളില്‍ ചിലരെ പരീക്ഷ എഴുതാന്‍ നിയോഗിക്കും. ഇവര്‍ ഇന്‍വിജിലേറ്ററുടെ ശ്രദ്ധയില്‍പ്പെടാതെ ചോദ്യക്കടലാസ് ഹാളിന് പുറത്തേക്ക് എറിയും. പ്രകാശ് ലാല്‍ ഈ ചോദ്യ പേപ്പര്‍ കൈലാക്കി ശരീരത്തില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ച് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഉത്തരം പറഞ്ഞു നല്‍കി എന്നായിരുന്നു കേസ്. അന്വേഷണ സംഘം 2013 ജനുവരി ഒന്നിന് കുറ്റപത്രം കൊല്ലം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഭാര്യ: ഷീജ, മക്കള്‍: ആദിത, ആഖ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."