വിവാദങ്ങള്‍ കത്തുമ്പോള്‍ നേതാക്കള്‍ 'കത്ത് ' സമരത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദങ്ങള്‍ കത്തുമ്പോള്‍ സര്‍ക്കാരിന് കത്തയച്ച് പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷി നേതാക്കള്‍. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കത്തുകളാണ് നേതാക്കളില്‍ നിന്ന് മുഖ്യമന്ത്രിക്കു ലഭിച്ചത്.
ഇന്നലെ മാത്രം മൂന്നു നേതാക്കളാണ് മുഖന്ത്രിക്കു കത്തു നല്‍കിയത്. നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അനധികൃത പാറമടകളുടെ പേരില്‍ വി.എം സുധീരനും പത്മാവതി കേരളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനുമാണ് കത്തയച്ചത്. ശനിയാഴ്ചയുമുണ്ടായിരുന്നു രണ്ടു കത്തുകള്‍. അതിലൊന്ന് സി.പി.എമ്മില്‍ സ്ഥിരമായി വിമതശബ്ദം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ട നല്‍കിയതായിരുന്നു. ഇതേ വിഷയത്തില്‍ സുധീരന്റെ കത്തുമുണ്ടായിരുന്നു.
അതിനു മുന്‍പുള്ള ദിവസങ്ങളിലും ചെന്നിത്തലയും സുധീരനും ഹസനുമൊക്കെ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. മന്ത്രിസ്ഥാനത്തു നിന്നുള്ള തോമസ് ചാണ്ടിയുടെ രാജിയും എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതുമൊക്കയായിരുന്നു വിഷയങ്ങള്‍. ചെറിയ ഇടവേളകളിലാണെങ്കിലും അടുത്ത കാലത്തായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മുഖ്യമന്ത്രിക്കു കത്തുകളയച്ചിട്ടുണ്ട്.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങള്‍ പലതുമുണ്ടായിട്ടും പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുന്നില്ലെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടയിലാണ് നേതാക്കളുടെ കത്തു യുദ്ധം.
ഇതിനു പുറമെ ഫേസ്ബുക്ക് പ്രതികരണങ്ങളിലും നേതാക്കള്‍ സജീവമാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പല പ്രമുഖ നേതാക്കളെല്ലാം ഇപ്പോള്‍ നിത്യേനെയെന്നോണം ഫേസ്ബുക്ക് വഴി പ്രസ്താവന നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."