ഇക്കുറി ജലശേഖരം വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം
തൊടുപുഴ: തുലാമഴയില്‍ കുറവുണ്ടായെങ്കിലും ഇക്കുറി സംസ്ഥാനത്തെ ജലശേഖരം വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 902.732 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ കെ.എസ്.ഇ.ബി അണക്കെട്ടുകളില്‍ അധികമുണ്ട്. കെ.എസ്.ഇ.ബി ജലവിനിയോഗ സെല്‍ പ്രതീക്ഷിച്ചതിന്റെ 85 ശതമാനം നീരൊഴുക്ക് ഇപ്പോള്‍ ലഭിച്ചു കഴിഞ്ഞു. ജലവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി 187 ദിവസങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. 2018 മെയ് 31നാണ് ഇത്തവണത്തെ ജലവര്‍ഷം പൂര്‍ത്തിയാകുന്നത്. ഇക്കുറി തുലാമഴയില്‍ 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
നവംബര്‍ ഒന്നു മുതല്‍ ഇന്നലെ വരെ 404.731 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്കാണ് കെ.എസ്.ഇ.ബി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 354.059 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്. ഇന്നലെ വൈകിട്ടോടെ പലയിടങ്ങളിലും മഴ ലഭിച്ചു.കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി കണക്കുവച്ചാണ് കെ.എസ്.ഇ.ബി നീരൊഴുക്ക് വിലയിരുത്തുന്നത്. 2007-08 കാലത്തായിരുന്നു മികച്ച നീരൊഴുക്ക്. 3698.616 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അക്കാലത്ത് ഒഴുകിയെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 2013 ലായിരുന്നു മികച്ച നീരൊഴുക്ക്. 2013 ല്‍ ഇതേ ദിവസം 3471.244 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടായിരുന്നു. ഏറ്റവും കുറവ് 2012 ലും. അന്ന് 1942.715 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. 2014 ല്‍ 3343.337, 2015 ല്‍ 2683.341, 2016 ല്‍ 2086.58 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. ഇന്നലത്തെ കണക്കുപ്രകാരം 2989.312 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം എല്ലാ അണക്കെട്ടുകളിലുമായി ഉണ്ട്.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2373.92 അടിയായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ് കഴിഞ്ഞ 14 നാണ് രേഖപ്പെടുത്തിയത്, 2374.64 അടി. സംഭരണശേഷിയുടെ 68 ശതമാനം വെള്ളമാണ് ഇടുക്കിയില്‍ ഇപ്പോഴുള്ളത്. ഇക്കുറി ഇടുക്കി അണക്കെട്ട് 70 ശതമാനത്തില്‍ എത്തുമെന്നായിരുന്നു കെ.എസ്.ഇ.ബി യുടെ വിലയിരുത്തല്‍.
ഷോളയാര്‍ 95 ശതമാനം, പമ്പ 77, ഇടമലയാറില്‍ 76, കുണ്ടളയില്‍ 100, മാട്ടുപ്പെട്ടി,74, പൊന്‍മുടി 85, നേര്യമംഗലം 60, ലോവര്‍പെരിയാര്‍ 57, ആനയിറങ്കല്‍ 78, തര്യോട് 73 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."