നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ എത്തിയോയെന്ന് രാഹുലിന്റെ പരിഹാസം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി അകാല ചരമംപ്രാപിച്ചെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. നാനോ കാറിന്റെ ഉല്‍പാദനം ഏകദേശം പൂര്‍ണമായും നിര്‍ത്തിയ സാഹചര്യത്തിലാണ് രാഹുലിന്റെ വിമര്‍ശനം.
ഗുജറാത്തിലെ നികുതിദായകരുടെ 33,000 കോടി രൂപ ചാരമായെന്ന് ആരോപിച്ച അദ്ദേഹം, ഇതിന് ആരാണ് ഉത്തരവാദിയെന്നും ആരാണ് ഉത്തരവാദിത്തം ഏല്‍ക്കുകയെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കാറെന്ന പ്രശസ്തി ലഭിച്ച നാനോയുടെ ഉല്‍പാദനം ടാറ്റാ കമ്പനി പൂര്‍ണമായും നിര്‍ത്തുകയാണെന്നാണ് വിവരം. നിലവില്‍ നാനോയുടെ ഉല്‍പാദനം പ്രയോജനപ്രദമല്ലെന്നു സമ്മതിച്ച കമ്പനി, എന്നാല്‍ ഉല്‍പാദനം നിര്‍ത്തുന്നതായി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഗുജറാത്തില്‍ അഹമ്മദാബാദിലെ സനന്ദിലുള്ള നാനോ കാര്‍ പ്ലാന്റിനായി 33,000 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതു ജനങ്ങളുടെ നികുതിപ്പണമാണെന്നും ഈ പണം ചാരമായെന്നുമാണ് രാഹുല്‍ ആരോപിച്ചത്.
റോഡുകളില്‍ നാനോ കാറുകള്‍ കാണുന്നില്ലെന്നു പറഞ്ഞ അദ്ദേഹം, കള്ളപ്പണ വിഷയത്തിലും മോദിയെ പരിഹസിച്ചു. അധികാരത്തിലെത്തി നൂറു ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരികെയെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും പറഞ്ഞു. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അതു കിട്ടിയോയെന്നു രാഹുല്‍ ഗാന്ധി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."