തലയ്ക്കു വെളിവുള്ളവര്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ല- കാനം
തിരുവനന്തപുരം: കോണ്‍ഗ്രസുമായി സഖ്യത്തിനെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തലയ്ക്ക് സ്ഥിരതയുള്ളവരാരും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം പോവില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കുറിഞ്ഞി വിവാദത്തില്‍ റവന്യൂ വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ല. റവന്യൂ സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സി.പി.എമ്മുമായി തര്‍ക്കമില്ലെന്നും തര്‍ക്കമുണ്ടെങ്കില്‍ പരിഹരിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസുമായി സഖ്യമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സത്യമല്ല. 2018 ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും. അതിനുവേണ്ട രാഷ്ട്രീയ പ്രമേയത്തിന് രുപം നല്‍കുന്നത് ജനുവരി എട്ട്, ഒമ്പത്, പത്ത് തിയതികളില്‍ വിജയവാഡയില്‍ ചേരുന്ന പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവും നാഷണല്‍ കൗണ്‍സിലുമാണ്. അങ്ങനെ ഒരു രേഖ ഞങ്ങള്‍ തയ്യാറാക്കിയാല്‍ ഒരു നിമിഷം പോലും വൈകാതെ അത് ജനങ്ങള്‍ക്ക് മുന്നിലെത്തും. കാരണം അതൊരു പൊതു രേഖയാണ്. അപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്യാമെന്നും കാനം പറഞ്ഞു.
ഇപ്പോള്‍ പുറത്തുവന്നത് രാഷ്ട്രീയ പ്രമേയത്തിന്റെ കരട് മാത്രമാണ്. അത് പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാക്കാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ക്ഷണം പാര്‍ട്ടി ഗൗരവത്തിലെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് ജനാധിപത്യ മതേതര ചേരി ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സി.പി.ഐയുടെ കരട് രാഷ്ട്രീയ പ്രമേയം പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."