ഫിഫ ലോക കപ്പ് 2022; ശക്തവും മനോഹരവുമായ റാസ് അബു അബൗദ് സ്റ്റേഡിയത്തിന്റെ മാതൃക പുറത്തുവിട്ടു
ദോഹ: ഫിഫ 2022 ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുന്ന ഏഴാമത് സ്റ്റേഡിയത്തിന്റെ മാതൃകയും സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടു. റാസ് അബു അബൗദ് സ്‌റ്റേഡിയത്തിന്റെ രൂപകല്‍പ്പനയാണ് ഇന്നലെ പുറത്തിറക്കിയത്.
ഫിഫ ലോകകപ്പില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ ശക്തവും മനോഹരവുമായ ഡിസൈനാണ് 2020ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന റാസ് അബു അബൗദ് സ്റ്റേഡിയത്തിനുള്ളത്.
കെട്ടിട നിര്‍മാണത്തിലും കളിയനുഭവത്തിലും തീര്‍ത്തും അനുപമമായ സാധ്യതകള്‍ സൃഷ്ടിക്കുന്ന വിധത്തിലാണ് രൂപകല്‍പ്പന ഉദ്ദേശിക്കുന്നത്. എടുത്തു മാറ്റാവുന്നതും വീണ്ടും ഉപയോഗിക്കാവുന്നതുമായ രീതിയില്‍ ആദ്യമായാണ് ഫിഫ ലോകകപ്പ് സ്റ്റേഡിയം നിര്‍മിക്കപ്പെടുന്നത്.
ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന തരത്തിലുള്ള ഫിഫ ലോകകപ്പ് അനുഭവങ്ങള്‍ കാഴ്ചക്കാര്‍ക്ക് സൃഷ്ടിക്കാനാവുന്ന തരത്തിലുള്ള പരീക്ഷണങ്ങളാണ് ഖത്തര്‍ 2022ന് വേണ്ടി നടത്തുന്നതെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി പറഞ്ഞു. റാസ് അബു അബൗദിലെ സ്റ്റേഡിയം ഡിസൈന്‍ പോലെ ഇതിന് മറ്റൊരു മികച്ച മാതൃകയുണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൂര്‍ണ്ണമായും പൈതൃക രീതിയിലും അതേ സമയം മറ്റൊരിടത്ത് പുനഃസംഘടിപ്പിക്കാവുന്ന വിധത്തിലുമാണ് റാസ് അബു അബൗദ് സ്റ്റേഡിയം നിര്‍മിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ ചെറിയ കായിക സാംസ്‌ക്കാരിക ഇടങ്ങളായും ഇത് മാറ്റിയെടുക്കാനാവും. ഒരു സ്റ്റേഡിയത്തില്‍ കളിയാരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ സൗകര്യങ്ങളോടെയും മുമ്പില്ലാത്ത വിധത്തിലുള്ള സുസ്ഥിരമായ രീതിയിലുമാണ് തങ്ങള്‍ നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു. റാസ് അബു അബൗദ് സ്റ്റേഡിയത്തിന്റെ ഡിസൈനില്‍ താനേറെ സന്തുഷ്ടനാണെന്നും ഭാവിയില്‍ നിരവധി കാര്യങ്ങളില്‍ പരിപാടി സംഘാടകര്‍ക്ക് മാതൃകയാക്കാവുന്ന രീതിയാണെന്നും ഹസന്‍ അല്‍ തവാദി പറഞ്ഞു.
ഫെന്‍വിക്ക് ഇറിബാറന്‍ ആര്‍ക്കിടെക്ട്‌സാണ് റാസ് അബു അബൗദിലെ സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. മൊറോക്കോയിലെ കാസാബ്ലാങ്കാ ഫുട്ബാള്‍ സ്റ്റേഡിയം, നോര്‍വേയിലെ പുതിയ നാഷണല്‍ സ്റ്റേഡിയം, ഖത്തര്‍ 2022 ഫിഫ ലോകകപ്പിന്റെ ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം തുടങ്ങിയവയുടെ രൂപകല്‍പ്പന നിര്‍വഹിച്ച വിദഗ്ധരാണ് ഫെന്‍വിക്ക് ഇറിബാറന്‍ ആര്‍ക്കിടെക്ട്‌സ്.
വന്‍കിട പദ്ധതികള്‍ക്ക് ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ രൂപകല്‍പ്പന നിര്‍വഹിക്കുകയെന്നത് വെല്ലുവിളിയായിരുന്നുവെങ്കിലും ഫെന്‍വിക്ക് ഇറിബാറന്‍ ആര്‍ക്കിടെക്ട്‌സ് നിലവിലുള്ള നിര്‍മാണ രീതികളെ പൊളിച്ചടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."