പ്രയാറിനും തറയിലിനുമെതിരേ വീണ്ടും വ്യാജരേഖ ആരോപണം; അന്വേഷണം സംസ്ഥാന വിജിലന്‍സിന് നല്‍കിയേക്കും
പത്തനംതിട്ട: വ്യാജരേഖ കേസില്‍ കുരുങ്ങിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മുന്‍ അംഗം അജയ് തറയില്‍ എന്നിവര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍. ഇവയെല്ലാം കൂടി അന്വേഷണ പരിധിയില്‍പെടുത്തി സംസ്ഥാന വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
2016 ഓഗസ്റ്റ് 16ന് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുകയും അന്നുതന്നെ ശബരിമല യാത്രാബത്ത വാങ്ങുകയും ചെയ്‌തെന്നാണ് കഴിഞ്ഞ ദിവസത്തെ ആരോപണം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രാബത്ത വാങ്ങിയ ദിവസങ്ങളില്‍ത്തന്നെ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുത്തതായ രേഖകളാണ് പുതുതായി പുറത്തുവന്നത്. അന്നത്തെ ദേവസ്വം സെക്രട്ടറിയുടെ താല്‍പര്യപ്രകാരം എടുക്കുന്ന തീരുമാനങ്ങളുടെ മിനുട്‌സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത പ്രസിഡന്റിന്റെയും അംഗത്തിന്റെയും ഒപ്പ് രേഖപ്പെടുത്തിയെന്നാണ് ആക്ഷേപം. ഈ ദിവസങ്ങളില്‍ ഇരുവരും ബോര്‍ഡിന്റെ പല ക്ഷേത്രങ്ങളിലുമായിരുന്നതിന്റെ യാത്രാരേഖകളാണുള്ളത്. ഇതുപ്രകാരമുള്ള യാത്രാബത്ത വാങ്ങിയിട്ടുമുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16ന് കൊട്ടാരക്കരയിലാണ് ബോര്‍ഡ് യോഗം നടന്നതെന്ന് അജയ് തറയില്‍ വാദിച്ചിരുന്നു. അന്നത്തെ മിനുട്‌സില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് യോഗം നടന്നതെന്നാണ് രേഖ. പ്രയാര്‍ ചിതറയില്‍ നിന്നും അജയ് തറയില്‍ ആലുവയില്‍ നിന്നും കൊട്ടാരക്കരയില്‍ ഉച്ചയ്‌ക്കെത്തി ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത ശേഷം ശബരിമലയിലേക്ക് പോയെന്നാണ് വാദിക്കുന്നത്. ഇതിന്റെ വസ്തുത അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിനെ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചുമതലപ്പെടുത്തി. 30ന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം വിജിലന്‍സ് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."