ദലിത് നേതാവ് ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ഥി
ഗാന്ധിനഗര്‍: ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയായ ഇന്നലെ അത്യന്തം നാടകീയ നീക്കത്തിലൂടെ ദലിത് നേതാവ് ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ബനസ്കന്ദയിലെ വദ്ഗാം മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.
സുഹൃത്തുക്കളേ ഞാനും മത്സര രംഗത്തുണ്ട്. ദലിത് വിഭാഗങ്ങള്‍ തനിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അന്തിമവിജയം നമുക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വദ്ഗാം മണ്ഡലത്തില്‍ താനും ബി.ജെ.പി സ്ഥാനാര്‍ഥിയും തമ്മിലാണ് മത്സരം. ഇവിടെയുള്ള ദലിത്-മുസ്്ലിം വിഭാഗങ്ങള്‍ തനിക്ക് വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷ. തനിക്കുവേണ്ടി ബനസ്കന്ദയിലെ പ്രബല ശക്തിയായ ദലിത് സംഘാതന്‍ ശക്തമായ രീതിയില്‍ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മേവാനിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാള്‍ വിജയാശംസ നേര്‍ന്നു.അതിനിടയില്‍ വദ്ഗാം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നിലവിലെ എം.എല്‍.എയുമായ മണിഭായ് വഗേല മത്സരിക്കില്ലെന്നും പകരം കോണ്‍ഗ്രസ് ജിഗ്നേഷ് മേവാനിയേയായിരുക്കും പിന്തുണയ്ക്കുകയെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.
മണ്ഡലം മേവാനിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഇവിടെ സ്വതന്ത്രനായി മത്സരിക്കുമെന്നും മണിഭായ് വഗേല പറഞ്ഞു. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് വിജയ് ചക്രവര്‍ത്തിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."