ഹാദിയ സേലത്തേക്ക്
ന്യൂഡല്‍ഹി: ഹാദിയയെ ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ നിന്നും സേലത്തേക്ക് കൊണ്ടുപോവും. വീട്ടുകാരുടെ സംരക്ഷണയില്‍ നിന്ന് സര്‍ക്കാറിന്റെ സംരക്ഷണയിലേക്കു മാറുന്ന ഹാദിയ മെഡിസിന് പഠനം പൂര്‍ത്തിയാക്കാനാണ് സേലത്തേക്ക് പോവുന്നത്. കോയമ്പത്തൂര്‍ വഴിയാവും യാത്ര. 1.20ന്റെ വിമാനത്തില്‍ കോയമ്പത്തുരിലേക്ക് തിരിക്കും. അവിടെ റോഡു മാര്‍ഗം സേലത്തേക്ക് തിരിക്കും.
ഹാദിയ പഠിച്ചിരുന്ന സേലം ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിനും ഇന്റന്‍ഷിപ്പ് പൂര്‍ത്തീകരണത്തിനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിനോടാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കോടതി വിധി പാലിക്കുമെന്ന് കോളജ് അധികൃതരും വ്യക്തമാക്കി കഴിഞ്ഞു. കോളജ് ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റും, മറ്റുള്ള വിദ്യാര്‍ഥികളെ പോലെ മാത്രമേ ഹാദിയയ്ക്കു ലഭ്യമാകൂ. എന്നാല്‍ ഹാദിയയ്ക്കു ചുറ്റും തമിഴ്നാട് പൊലീസിന്റെ ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും.
നിലവില്‍ ഡല്‍ഹി കേരള ഹൗസിലാണ് ഹാദിയ ഉള്ളത്. സേലത്തേക്ക് കൊണ്ട് പോകും വരെ ഹാദിയയെ കേരളാ ഹൌസില്‍ താമസിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വനിതാ പൊലിസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണു സുരക്ഷാചുമതല. ഹാദിയെ കാണുന്നതില്‍നിന്നു സന്ദര്‍ശകര്‍ക്കു വിലക്കില്ല. എന്നാല്‍, ഷഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയില്ല. ഹോസ്റ്റലില്‍പോയി കാണുന്നതിനെ കുറിച്ചു നിയമോപദേശം തേടിയശേഷം തീരുമാനിക്കുമെന്നായിരുന്നു ഷഫിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."